അടുത്തിരിക്കുന്നത് വണ്ടർ വുമണെന്ന് മഞ്ജു; വീണിടത്ത് നിന്നും ഉയർന്ന് പറന്നവർ
കൊച്ചി:തെന്നിന്ത്യൻ സിനിമാ ലോകം ഏറ്റവും കൂടുതൽ ആഘോഷിക്കുന്ന രണ്ട് പേരാണ് മഞ്ജു വാര്യരും നയൻതാരയും. സിനിമാ ലോകത്തിന്റെ ചരിത്രത്തിൽ ഇടം പിടിച്ചവരാണ് ഇരുവരും. തെന്നിന്ത്യൻ സിനിമയിൽ ഇവർക്ക് മുമ്പോ ശേഷമോ ഇത്രമാത്രം ജനശ്രദ്ധ നേടിയവരില്ലെന്ന് നിസംശയം പറയാം. ലേഡി സൂപ്പർസ്റ്റാറെന്ന് രണ്ട് പേരെയും ആരാധകർ സ്നേഹത്തോടെ വിളിക്കുന്നു. രണ്ട് പേരുടെയും കരിയറും ജീവിതത്തിലുമുണ്ടായ നാടകീയ സംഭവങ്ങൾ ഒന്നിലേറെയാണ്. ജീവിതത്തിൽ ഒരു ഘട്ടത്തിൽ എല്ലാം നഷ്ടപ്പെട്ടവരാണ് മഞ്ജുവും നയൻതാരയും.
ഇവരുടെ സ്വകാര്യ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ എടുത്ത് പറയേണ്ടതില്ല. എന്നാൽ മുമ്പത്തേക്കാൾ ശക്തിയിൽ ജീവിതത്തിൽ മുന്നേറാൻ നയൻതാരയ്ക്കും മഞ്ജു വാര്യർക്കും കഴിഞ്ഞു. പ്രത്യേകിച്ചും സ്ത്രീ പ്രേക്ഷകർക്കാണ് മഞ്ജുവിനോടും നയൻതാരയോടും കൂടുതൽ മമത. ഇവർ സ്ത്രീകൾക്ക് നൽകുന്ന പ്രചോദനം ചെറുതല്ല. പൊതുസമൂഹത്തിൽ ലഭിക്കുന്ന ബഹുമാന്യ സ്ഥാനം മനസിലാക്കുന്നവരുമാണ് ഇവർ. നിരവധി സന്നദ്ധ പ്രവർത്തനങ്ങൾ മഞ്ജുവും നയൻതാരയും ചെയ്യുന്നു.
ഗോസിപ്പുകളും വിവാദങ്ങളും ഇരുവരെയും തേടി എപ്പോഴും മുന്നോട്ട് വന്നിട്ടുണ്ട്. എന്നാൽ ഇവ അവഗണിച്ച് മുന്നോട്ട് നീങ്ങാൻ നയൻതാരയെ പോലെ മഞ്ജു വാര്യർക്കും കഴിഞ്ഞു. ഇപ്പോഴിതാ വനിതാ ദിനത്തിൽ മഞ്ജു വാര്യർ പങ്കുവെച്ച ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. നയൻതാരയെ ചേർത്ത് പിടിച്ചിരിക്കുന്ന ഫോട്ടോയാണ് മഞ്ജു വാര്യർ പങ്കുവെച്ചത്. നമ്മുടെ എല്ലാവരുടെയും ഉള്ളിൽ ഒരു വണ്ടർ വുമണുണ്ട്.
എന്റെ അടുത്ത് അങ്ങനെയൊരാളുണ്ട് എന്നാണ് ഫോട്ടോയ്ക്കൊപ്പം മഞ്ജു വാര്യർ കുറിച്ചിരിക്കുന്നത്. പങ്കുവെച്ച് മിനുട്ടുകൾക്കുള്ളിൽ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായെത്തിയിരിക്കുന്നത്. രണ്ട് സൂപ്പർസ്റ്റാറുകൾ ഒരു ഫ്രെയ്മിൽ എന്ന് ആരാധകർ ചൂണ്ടിക്കാട്ടി. ഇവർ ഒരുമിച്ച് സിനിമ ചെയ്തിരുന്നെങ്കിലെന്നും ആരാധകർ ആഗ്രഹം പ്രകടിപ്പിച്ചു.
മഞ്ജു വാര്യരും നയൻതാരയും തമ്മിൽ മത്സരമെന്ന സംസാരങ്ങൾക്കും ഇതോടെ അവസാനമായി. അടുത്ത കാലത്താണ് മഞ്ജു വാര്യർ തമിഴകത്ത് സാന്നിധ്യമറിയിച്ചത്. അസുരൻ, തുനിവ് എന്നീ രണ്ട് തമിഴ് ചിത്രങ്ങളേ ചെയ്തിട്ടുള്ളൂടെയെങ്കിലും ഇവ രണ്ടും വൻ ഹിറ്റായി. രജിനികാന്തിനൊപ്പമാണ് മഞ്ജുവിന്റെ അടുത്ത സിനിമ. സൂപ്പർതാരങ്ങളുടെ നായികയായി അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിൽ മഞ്ജു എത്തിയതോടെയാണ് ആരാധകർക്കിടയിൽ ഇങ്ങനെയൊരു സംസാരമുണ്ടായത്.
കാരണം നിലവിൽ തമിഴകത്ത് ഏറ്റവും താരമൂല്യമുള്ള നടി നയൻതാരയാണ്. ഈ സ്ഥാനത്തേക്ക് മഞ്ജു വാര്യർ എത്താൻ സാധ്യതയുണ്ടെന്നാണ് ആരാധകർ അഭിപ്രായപ്പെട്ടത്. എന്നാൽ മത്സരത്തിനപ്പുറം രണ്ട് പേരും തമ്മിൽ സ്നേഹവും ബഹുമാനവുമാണെന്ന് പുതിയ പോസ്റ്റിലൂടെ ഏവർക്കും വ്യക്തമായി.
രണ്ട് പേരുടെയും ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ടെസ്റ്റ് ആണ് നയൻതാരയുടെ റിലീസിന് ഒരുങ്ങുന്ന സിനിമ. ഫൂട്ടേജ് ആണ് ആരാധകർ കാത്തിരിക്കുന്ന മഞ്ജുവിന്റെ മലയാള ചിത്രം. മലയാളത്തിൽ ഗോൾഡ് ആണ് നയൻതാര അഭിനയിച്ച ഒടുവിലത്തെ സിനിമ. സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.