പത്തനംതിട്ട: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മരണ സുബിൻ എന്ന സുബിൻ അലക്സാണ്ടറിനെ തിരുവല്ല പോലീസ് ആറുമാസത്തേക്ക് കരുതൽ തടങ്കലിലാക്കി. കാപ്പ പ്രകാരമാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. കഴിഞ്ഞമാസം ബാറിൽ അടിപിടി ഉണ്ടാക്കി യുവാവിന്റെ ജനനേന്ദ്രിയം കടിച്ചു മുറിച്ച കേസിൽ പിടിയിലായ ഇയാൾ പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയിരുന്നു. 2018 മുതൽ തിരുവല്ല, കീഴ് വായ്പൂര് പോലീസ് സ്റ്റേഷനുകളിലായി 14 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.
ഈവർഷം ജൂണിൽ ഇയാൾക്കെതിരെ കരുതൽ തടങ്കലിനുള്ള ശുപാർശ ജില്ലാ പോലീസ് മേധാവി സമർപ്പിച്ചിരുന്നു. തുടർന്നാണ് കഴിഞ്ഞ മാസം വീണ്ടും തിരുവല്ല പോലീസ് സ്റ്റേഷനിൽ കേസിൽ ഉൾപ്പെട്ടു. തിരുവല്ലയിലെ ഒരു ബാറിൽ അടിപിടി ഉണ്ടാക്കി യുവാവിന്റെ ജനനേന്ദ്രിയം കടിച്ചു മുറിച്ചതിൽ പിടികൂടി സ്റ്റേഷനിൽ എത്തിച്ച സുബിൻ ചാടിപോയിരുന്നു.
പിന്നീട് ഏറെ പണിപ്പെട്ടാണ് പോലീസ് പിടികൂടിയത്. 2022 ൽ കാപ്പ വകുപ്പ് 15 അനുസരിച്ച് റേഞ്ച് ഡി ഐ ജി ആറുമാസം ഇയാളെ ജില്ലയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇപ്പോൾ മാവേലിക്കര ജയിലിൽ കഴിയുന്ന സുബിനെ തിരുവല്ല പോലീസ് അവിടെയെത്തി അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി.