ബംഗളൂരു: മയക്കുമരുന്നുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം തേടി ബിനീഷ് കോടിയേരി വീണ്ടും കോടതിയില്‍. പിതാവിന്റെ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിനീഷ് കോടിയേരി ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. കോടിയേരി ബാലകൃഷ്ണന്റെ അര്‍ബുദാവസ്ഥ ഗുരുതരമാണെന്നും മകനായ താനുള്‍പ്പെടെയുള്ള അടുത്ത കുടുംബാംഗങ്ങളുടെ സാമീപ്യം വേണ്ടതുണ്ടെന്നും ബിനീഷ് ഹൈക്കോടതിയെ ധരിപ്പിച്ചു.
ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെടുത്തി എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുന്ന കള്ളപ്പണം വെളിപ്പിക്കല്‍ കേസില്‍ നാലാം പ്രതിയാണ് ബിനീഷ്. ചൊവ്വാഴ്ച കേസില്‍ ഹൈക്കോടതി വാദം കേട്ടപ്പോള്‍ ബിനീഷിനുവേണ്ടി അഡ്വ. കൃഷ്ണന്‍ വേണുഗോപാല്‍ ഹാജരായി. കോടിയേരിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും അഭിഭാഷകന്‍ ഹാജരാക്കി.
ജാമ്യാപേക്ഷ ഹൈക്കോടതി 22 ന് വീണ്ടും പരിഗണിക്കും. വ്യാഴാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) എതിര്‍വാദം കോടതി കേള്‍ക്കും. ബിനീഷിന്റെ ജാമ്യാപേക്ഷ ഇഡി പ്രത്യേക കോടതി ഫെബ്രുവരി 22ന് തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഒക്ടോബര്‍ 29ന് അറസ്റ്റിലായ ബിനീഷ് നിലവില്‍ പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാണ് റിമാന്‍ഡില്‍ കഴിയുന്നത്.