കൊല്ലം: സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സംസാരിച്ചെന്ന തരത്തില്‍ പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമെന്ന് കൊല്ലം ഡി.സി.സി പ്രസിഡണ്ട് ബിന്ദു കൃഷ്ണ.ന്യൂസ് 18,24 ചാനലുകളുടെ വ്യാജലോഗോ ഉപയോഗിച്ചാണ് പ്രചാരണം.വ്യാജപ്രചാരണത്തിനെതിരെ പരാതി നല്‍കിയതായും ബിന്ദു കൃഷ്ണ ഫേസ് ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ
ന്യൂസ് 18 ചാനലിന്റെ ലോഗോയും, 24 ന്യൂസ് ചാനലിന്റെ ലോഗോയും ഉപയോഗിച്ച് ഞാന്‍ പാര്‍ട്ടിക്കെതിരെ സംസാരിച്ചുവെന്ന രീതിയില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതായി അറിയാന്‍ കഴിഞ്ഞു.
അത്തരത്തില്‍ ഒരു പ്രസ്താവന ഞാന്‍ നടത്തിയിട്ടില്ല എന്നത് പ്രിയപ്പെട്ട സുഹൃത്തുക്കളെ അറിയിക്കുന്നു. ചാനലുകളുമായി ബന്ധപ്പെട്ടപ്പോള്‍ ചാനലിന്റെ ലോഗോ ഉപയോഗിച്ച് വ്യാജമായി നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നതാണെന്ന് അറിയാന്‍ കഴിഞ്ഞു. ഇതിനെതിരെ ഡിസിസി ജനറല്‍ സെക്രട്ടറി കൊല്ലം സൈബര്‍ പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്.
മൂന്ന് മാസം മുന്‍പ് ബിന്ദുകൃഷ്ണ ബിജെപിയിലേക്ക് എന്ന് 24ന്യൂസ് ചാനലിന്റെ ലോഗോ ഉപയോഗിച്ച് വ്യാജമായി ഉണ്ടാക്കി പ്രചരിപ്പിച്ചവരും, കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കെതിരെ പോസ്റ്റര്‍ ഒട്ടിച്ചവരുമാണ് ഇതിനെ പിന്നില്‍ എന്നാണ് സംശയിക്കുന്നത്.
പ്രിയപ്പെട്ട സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും വ്യാജവാര്‍ത്തകളില്‍ വഞ്ചിതരാകരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ന്യൂസ് 18 ചാനലിൻ്റെ ലോഗോയും, 24 ന്യൂസ് ചാനലിൻ്റെ ലോഗോയും ഉപയോഗിച്ച് ഞാൻ പാർട്ടിക്കെതിരെ സംസാരിച്ചുവെന്ന രീതിയിൽ വ്യാജ…
Posted by Bindhu Krishna on Saturday, March 13, 2021
നേരത്തെ കൊല്ലം മണ്ഡലത്തില്‍ ബിന്ദു കൃഷ്ണയെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി ഓഫിസില്‍ വൈകാരിക രംഗങ്ങള്‍ അരങ്ങേറി. ബിന്ദു കൃഷ്ണയ്ക്ക് പിന്തുണയറിയിച്ച് സ്ത്രീകള്‍ ഡിസിസി ഓഫിസിലെത്തി മുദ്യാവാക്യം വിളിച്ചു. പിന്തുണയറിയിച്ചുള്ള പ്രവര്‍ത്തകരുടെ വികാരപ്രകടനത്തിനിടെ ബിന്ദു കൃഷ്ണയും പൊട്ടിക്കരഞ്ഞു.
കുണ്ടറയില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ചെന്ന് ബിന്ദു കൃഷ്ണ നേരത്തെ വ്യക്തമാക്കിയിരുന്നു. നാലുവര്‍ഷമായി കൊല്ലം കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു. അതുകൊണ്ടാണ് കൊല്ലത്ത് മല്‍സരിക്കാമെന്ന് അറിയിച്ചതെന്നും അവര്‍ പറഞ്ഞു.
ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിക്കുവാനുള്ള നീക്കം നടക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസില്‍ ചില നേതാക്കള്‍ രാജി ഭീഷണിയുമായി രംഗത്ത്. ചില കെപിസിസി അംഗങ്ങളും ഡിസിസി ഭാരവാഹികളും, ചില ബ്ലോക്ക് ഭാരവാഹികളും ചില മണ്ഡലം പ്രസിഡന്റുമാരും ഉള്‍പ്പടെ രാജി സന്നദ്ധത അറിയിച്ചുകഴിഞ്ഞതായി പാര്‍ട്ടിയിലെ ഒരു വിഭാഗം പറയുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി രാത്രി വൈകി വ്യക്തമാക്കി നേമത്ത് മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചെന്നത് വാര്‍ത്തമാത്രം. പുതുപ്പള്ളിയില്‍ പറഞ്ഞതാണ് തന്റെ നിലപാട്. അനിശ്ചിതത്വം ഞായറാഴ്ച തീരും. എല്ലായിടത്തും കരുത്തരാകും മത്സരിക്കുകയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
എന്നാല്‍ ഉമ്മന്‍ചാണ്ടി തന്നെ മത്സരിക്കണമെന്ന് ഹൈക്കമാന്‍ഡ് കടുംപിടുത്തം പിടിച്ചാല്‍ വിസമ്മതിക്കില്ലെന്നാണ് സൂചന. അതല്ല പുതുപ്പള്ളി വിടാനാകില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞാല്‍ രണ്ടിടത്തും മത്സരിക്കാന്‍ അനുമതി നല്‍കേണ്ടിവരും. പക്ഷെ നേമത്തെ വോട്ടര്‍മാര്‍ എത്രത്തോളം അംഗീകരിക്കുമെന്നതില്‍ ഹൈക്കമാന്‍ഡിന് സംശയമുണ്ട്. ഉമ്മന്‍ചാണ്ടി മത്സരിക്കുന്നില്ലെങ്കില്‍ പകരമൊരാളെ ഹൈക്കമാന്‍ഡിന് കണ്ടെത്തേണ്ടിവരും.
നേമത്തിന് അമിതപ്രാധാന്യം നല്‍കേണ്ടിയിരുന്നില്ലെന്നും, ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടേയും പേര് വന്നതില്‍ സംശയമുണ്ടെന്നുമായിരുന്നു കെ.മുരളീധരന്റെ പ്രതികരണം. നേതൃത്വം ആവശ്യപ്പെട്ടാന്‍ എവിടെ മത്സരിക്കാനും തയാറാണെന്നും മുരളീധരന്‍ വ്യക്തമാക്കി.