പാട്‌ന:ബിഹാറിൽ നിതീഷ് കുമാറിൻ്റെ നേതൃത്വത്തിൽ വിശാല സഖ്യ സർക്കാർ ഇന്ന് അധികാരമേൽക്കും. രണ്ട് മണിക്കാണ് സത്യപ്രതിജ്ഞ. വിശാല സഖ്യത്തിൽ നിതീഷ് കുമാർ മുഖ്യമന്ത്രിയും, തേജസ്വിയാദവ് ഉപമുഖ്യമന്ത്രിയുമാകും. കോൺഗ്രസ്, ഇടത് പാർട്ടികൾ, മറ്റ് ചെറുകക്ഷികൾ എന്നിവർക്കും മന്ത്രിസഭയിൽ പ്രാതിനിധ്യം ഉണ്ടാകും. ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന കോൺഗ്രസിൻറെ ആവശ്യം ആർ ജെ ഡി തള്ളി. ആഭ്യന്തരം വേണമെന്ന നിലപാടിൽ ഉറച്ച് തേജസ്വി യാദവ് നിൽക്കുകയാണ്.ജനതാദൾ യുനൈറ്റഡ് (ജെഡിയു) നേതാവ് നിതീഷ് കുമാർ ഇത് എട്ടാം തവണയാണ് ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.
ഇതിനിടെ നിയമസഭ സ്പീക്കർ വിജയ് കുമാർ സിൻഹയ്ക്കെതിരെ അവിശ്വാസ പ്രമേയത്തിന് വിശാല സഖ്യം നോട്ടീസ് നൽകും. ബി ജെ പി എം എൽ എയാണ് സ്പീക്കറായ വിജയ് കുമാർ സിൻഹ. മഹാസഖ്യ യോഗത്തിലാണ് തീരുമാനം.
അതേ സമയം ബി ജെ പി സംസ്ഥാനത്ത് ഇന്ന് വഞ്ചനാദിനം ആചരിക്കും. ജനവിധിയെ അട്ടിമറിച്ച് നിതീഷ് കുമാർ വഞ്ചന കാട്ടിയെന്ന ആക്ഷേപവുമായി ജില്ലാ തലങ്ങളിൽ പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കും. പ്രചാരണം താഴേ തട്ടിലെത്തിക്കാൻ നാളെ ബ്ലോക്ക് തലങ്ങളിലും പ്രതിഷേധ യോഗങ്ങൾ നടത്തും
ബിജെപിയുമായുള്ള കടുത്ത ഭിന്നതയെ തുടർന്നാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചത്. ബിജെപിയുമായുള്ള സഖ്യം പാര്‍ട്ടിയെ ദുര്‍ബലമാക്കിയെന്ന ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്താണ് എന്‍ഡിഎ വിട്ടതെന്ന് നിതീഷ് കുമാര്‍ പ്രതികരിച്ചു. ചതി ജനം പൊറുക്കില്ലെന്നും, നിതീഷിന്‍റെ മുഖ്യമന്ത്രി സ്ഥാനം ഔദാര്യമായിരുന്നുവെന്നുമാണ് ബിജെപി കേന്ദ്രനേതൃത്വം പ്രതികരിച്ചത്.
അധികാരമേറ്റത് മുതല്‍ ബിജെപിയുമായുള്ള കലഹം നിതീഷ് കുമാര്‍ ഒരു വര്‍ഷവും 9 മാസവും പൂര്‍ത്തിയാക്കിയാണ് കടുത്ത തീരുമാനത്തിലേക്ക് എത്തിയത്. ഇന്നലെ രാവിലെ ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗത്തില്‍ ഇനി ബിജെപിയുമായി ഒത്തുപോകാനാകില്ലെന്ന് നിതീഷ് കുമാര്‍ അറിയിച്ചു. ഏത് നിമിഷവും പാര്‍ട്ടി ശിഥിലമാകാമെന്ന് എംഎല്‍എമാരും മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. പിന്നാലെ ആര്‍ജെഡിയും കോണ്‍ഗ്രസും സംയുക്ത യോഗം ചേര്‍ന്ന് നിതീഷ് കുമാറിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. ബിജെപി ഒഴികെ എല്ലാ കക്ഷികളും കൂടെ നില്‍ക്കാന്‍ തീരുമാനിച്ചു. അങ്ങനെ 164 എംഎല്‍എമാര്‍ പിന്തുണച്ച കത്തുമായി ഗവര്‍ണ്ണര്‍ ഫാഗു ചൗഹാനെ കണ്ട് രാജി വച്ച വിവരം അറിയിച്ചു. സപ്ത കക്ഷി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് തേജസ്വി യാദവിനൊപ്പം പിന്നീട് മാധ്യമങ്ങളെ കണ്ട നിതീഷ് കുമാര്‍ വ്യക്തമാക്കി.
കേവല ഭൂരിപക്ഷമായ 122 എന്ന സംഖ്യയെ നിഷ്പ്രയാസം മറിടകന്ന നിതീഷ് കുമാര്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. നിതീഷ് കുമാറിനെ അനുനയിപ്പിക്കാന്‍ അവസാന വട്ട ശ്രമവും നടത്തിയ ബിജെപിക്കുണ്ടായ ക്ഷീണം ചെറുതല്ല. കഴിഞ്ഞ രാത്രി അമിത് ഷാ തന്നെ ഇടപെട്ട് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ആ നീക്കവും പാളി. ജെഡിയുവില്‍ നിന്ന് രാജിവച്ച മുന്‍ കേന്ദ്രമന്ത്രി ആര്‍സിപി സിംഗ് വഴി മഹാരാഷ്ട്ര മോഡലില്‍ വിമത നീക്കത്തിന് ബിജെപി ശ്രമിക്കുന്നുവെന്ന സൂചന കൂടി കിട്ടിയതോടെ നിതീഷ് കുമാറിന്‍റെ നീക്കങ്ങള്‍ക്ക് വേഗം കൂടുകയായിരുന്നു