തിരുവനന്തപുരം: ഭീമ ജ്വല്ലറിയുടമയുടെ വീട്ടിൽ നിന്നും പണവും ആഭരണങ്ങളും മോഷണം നടത്തിയ പ്രതി പിടിയിൽ. ബീഹാർ സ്വദേശി മുഹമ്മദ് ഇർഫാൻ ആണ് പോലീസ് പിടിയിലായത്. ഗോവയിൽ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മറ്റൊരു കേസിൽ മുഹമ്മദ് ഇർഫാനെ ഗോവൻ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു കോടി രൂപയുടെ കവർച്ച കേസാണ് ഇയാൾക്കെതിരെ ഗോവയിൽ ഉണ്ടായിരുന്നത്. ഈ കേസിന്റെ അടിസ്ഥാനത്തിൽ ഇർഫാൻ ഗോവയിലുണ്ടെന്ന് കേരള പോലീസിന് വ്യക്തമായി. ഇയാളെ കുറിച്ച് വിവരം നൽകണമെന്ന് കേരള പൊലീസ് മറ്റ് സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. തുടർന്നാണ് പ്രതി പിടിയിലായ കാര്യം ഗോവ പൊലീസ് കേരള പൊലീസിനെ അറിയിച്ചത്.
ഭീമ ജ്വല്ലറി ഉടമ ഡോ.ബി ഗോവിന്ദന്റെ കവടിയാറിലെ വീട്ടിലാണ് മോഷണം നടന്നത്. അദ്ദേഹത്തിന്റെ മകൾ ബാഗിൽ സൂക്ഷിച്ച ഡയമണ്ട് ആഭരണങ്ങളും, അറുപതിനായിരം രൂപയുമാണ് ഇർഫാൻ മോഷ്ടിച്ചത്. സി.സി.ടി.വി ദൃശ്യങ്ങളിൽ കയ്യിൽ കാമുകിയുടെ ചിത്രം പതിച്ച പ്രതിയുടെ മുഖം പെട്ടിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലായിരുന്നു വിവിധ സംസ്ഥാനങ്ങളിൽ സമാന മോഷണ കേസുകളിൽ പ്രതിയായ മുഹമ്മദ് ഇർഫാനാണെന്ന് തെളിഞ്ഞത്.