ഭാഗ്യലക്ഷ്മിയുടേയും സംഘത്തിന്റേയും അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും

തിരുവനന്തപുരം: യൂട്യൂബര്‍ വിജയ് പി നായരെ മര്‍ദിച്ച സംഭവത്തില്‍ ഭാഗ്യലക്ഷ്മി,ദിയ സന, ശ്രീലക്ഷ്മി എന്നിവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. വിജയ് പി.നായരെ ആക്രമിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ മൂന്ന് പേര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയുടേതാണ് നടപടി. ഈ പശ്ചാത്തലത്തിലാണ് അറസ്റ്റ് നടപടി. അതേസമയം പ്രതികള്‍ ജാമ്യത്തിനായി മേല്‍ക്കോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്.

മൂന്ന് പേര്‍ക്കും ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷന്‍ കോടതിയില്‍ എതിര്‍ത്തിരുന്നു. ജാമ്യം കുറ്റം ചെയ്യുന്നവര്‍ക്ക് പ്രേരണയാകുമെന്ന വാദം കോടതി അംഗീകരിച്ചു. കടുത്ത വിമര്‍ശനമാണ് ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കോടതി ഉന്നയിച്ചത്. മൂന്ന് പേരുടേയും പ്രവൃത്തി ഒട്ടും സംസ്‌കാരമില്ലാത്തതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

സമാധാനവും നിയമവും കാത്തുസൂക്ഷിക്കേണ്ട ബാധ്യത കോടതിക്കുണ്ട്. കായിക ബലം കൊണ്ട് നിയമത്തെ കൈയിലെടുക്കാന്‍ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. അഞ്ചുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഭാഗ്യലക്ഷ്മിക്കും മറ്റ് രണ്ട് പേര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News