31.7 C
Kottayam
Monday, May 13, 2024

ടോക്കണില്ലാത്തതിനാല്‍ മദ്യം നല്‍കിയില്ല; ബെവ്‌കോ ജീവനക്കാരെ മര്‍ദ്ദിച്ചു

Must read

കൊച്ചി: മദ്യം നല്‍കാത്തതില്‍ പ്രകോപിതരായി ബെവ്‌കോ ജീവനക്കാരെ ഒരു സംഘം ആക്രമിച്ചതായി പരാതി. പട്ടിമറ്റം പുളിഞ്ചോടിലുള്ള ബെവ്കോ ഔട്ട്ലെറ്റിലെ ആറോളം ജീവനക്കാര്‍ക്കു നേരേയാണ് അക്രമണമുണ്ടായത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് സംഭവങ്ങളുടെ തുടക്കം. ബെവ്‌കോ ആപ്പ് ടോക്കണില്ലാതെ മദ്യം നല്‍കില്ലെന്ന് ജീവനക്കാരന്‍ പറഞ്ഞതോടെ ക്ഷുഭിതരായി അസഭ്യവര്‍ഷം നടത്തി അക്രമി സംഘം മടങ്ങി. ഞായറാഴ്ച്ച സംഘം വീണ്ടുമെത്തിയെങ്കിലും ടോക്കണില്ലാത്തതിനാല്‍ ജീവനക്കാര്‍ മദ്യം നല്‍കിയില്ല.

പിന്നാലെ സംഘം പ്രകോപിതരായി ജീവനക്കാര്‍ക്ക് നേരെ വധഭീഷണി മുഴക്കുകയായിരുന്നു. തുടര്‍ന്ന് 10 ഓളം പേരടങ്ങുന്ന സംഘം വൈകിട്ടോടെ ഔട്ട്ലെറ്റില്‍ വീണ്ടുമെത്തി. ഇതിനിടെ ബെവ്കോയില്‍ നിന്നു ജീവനക്കാരന്‍ പുറത്തിറങ്ങിയപ്പോള്‍ ഇവര്‍ സംഘമായി ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. സഹപ്രവര്‍ത്തകനെ ആക്രമിക്കുന്നത് തടയാന്‍ ചെന്ന മറ്റ് ജീവനക്കാരെയും സംഘം ക്രൂരമായി മര്‍ദിച്ചു.

ഇത് സംബന്ധിച്ച് കുന്നത്തുനാട് പോലീസില്‍ പരാതി നല്‍കിയതായി ബെവ്കോ ജീവനക്കാര്‍ പറഞ്ഞു. കൂടാതെ തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങിയപ്പോള്‍ ജീവനക്കാരനെ പിന്തുടര്‍ന്ന് വധഭീഷണി മുഴക്കി അക്രമിക്കാന്‍ ശ്രമിച്ചതായും ജീവനക്കാര്‍ പറഞ്ഞു.

പിന്നീട് തിങ്കളാഴ്ച വൈകിട്ടും അക്രമികള്‍ ബെവ്കോ ഔട്ട്ലെറ്റ് പരിസരത്ത് ജീവനക്കാരെ അപായപ്പെടുത്താന്‍ തക്കം പാര്‍ത്തിരുന്നു. തങ്ങളുടെ ജീവന് ഭീഷണിയായി മാറിയിരിക്കുന്ന അക്രമി സംഘത്തെ പോലീസ് ഉടന്‍ പിടികൂടണമെന്നാണ് ജീവനക്കാരുടെ ആവശ്യം. കിഴക്കമ്പലത്ത് വടിവാള്‍ ആക്രമണക്കേസിലെ പ്രതികളാണ് അക്രമി സംഘത്തിലുള്ളതെന്ന് സൂചനയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week