കൊച്ചി: സംസ്ഥാനത്ത് മദ്യവില്പന ശാലകള്‍ കൂട്ടാന്‍ ആലോചനയുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 175 മദ്യശാലകള്‍ കൂടി ആരംഭിക്കണമെന്ന ബെവ്‌കോയുടെ നിര്‍ദ്ദേശം എക്‌സൈസ് വകുപ്പിന്റെ പരിഗണനയിലാണ്. വിഷയത്തില്‍ ഉചിതമായ തീരുമാനമുണ്ടാകുമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
മദ്യശാലകള്‍ക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കണമെന്നും തിരക്കുള്ള പ്രദേശങ്ങളിലെ മദ്യശാലകള്‍ മാറ്റി പ്രവര്‍ത്തിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. വാക് ഇന്‍ മദ്യശാലകള്‍ തുടങ്ങണമെന്ന കോടതി നിര്‍ദ്ദേശവും പരിഗണനയിലുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
വാക് ഇന്‍ മദ്യശാലകള്‍ സംസ്ഥാനത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബെവ്‌കോയുടെ കീഴില്‍ 96 എണ്ണവും സിവില്‍ സപ്ലൈസിന് കീഴില്‍ 26 എണ്ണവുമാണ് പ്രവര്‍ത്തിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മദ്യശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടം കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി ഹര്‍ജി പരിഗണിക്കുന്നത് വീണ്ടും മാറ്റിവച്ചു.