തിരുവനന്തപുരം: ബിവറേജസ് കോര്‍പറേഷന്റെ വെബ്സൈറ്റില്‍ നിന്ന് ഓണ്‍ലൈന്‍ പേയ്മെന്റ് നടത്തി ഇനി ഇഷ്ട ബ്രാന്‍ഡ് തെരഞ്ഞെടുത്ത് മദ്യം വാങ്ങാം. പണമടച്ചതിന്റെ ഇ-രസീതുമായി ഔട്ട്‌ലെറ്റിലെത്തിയാല്‍ മതി.
കോര്‍പറേഷന്റെ വെബ്സൈറ്റില്‍ ഓരോ ഔട്ട്‌ലെറ്റിലെയും സ്റ്റോക്ക്, വില എന്നിവയുണ്ടാകും. സൈറ്റില്‍ പ്രവേശിച്ച് മൊബൈല്‍ നമ്പര്‍ നല്‍കി സൗകര്യപ്രദമായ ഔട്ട്‌ലെറ്റ് തെഞ്ഞെടുക്കുക. അവിടെയുള്ള ബ്രാന്‍ഡുകളും വിലയും കാണാനാകും. ആവശ്യമുള്ളതു തെരഞ്ഞെടുക്കാം. അവിടന്ന് പോകുന്നത് പേയ്മെന്റ് ഗേറ്റ് വേയിലേക്കാണ്.
നെറ്റ് ബാങ്കിങ്, പേയ്മെന്റ് ആപുകള്‍ എന്നിവയെല്ലാം വഴി പണമടയ്ക്കാം. ഫോണില്‍ എസ് എം എസ് ആയി ഇ-രസീത് ലഭിക്കും. പണമടച്ച വിവരം ബന്ധപ്പെട്ട ഔട്‌ലെറ്റിലുമെത്തും. അന്നു തന്നെ, ഇഷ്ടമുള്ള സമയത്ത് ഔട്ട്‌ലെറ്റിലെത്തണം. പേയ്മെന്റ് നടത്തിയവര്‍ക്കായി പ്രത്യേക കൗണ്ടറുണ്ടാകും. രസീത് നമ്പറോ, മൊബൈല്‍ നമ്പറോ നല്‍കിയാല്‍ സൈറ്റില്‍ ഒത്തുനോക്കും. അതോടെ മദ്യം വാങ്ങി മടങ്ങാം.
പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയിലെ ഒമ്പത് ബവ്കോ ഔട്ട് ലെറ്റുകളില്‍ പരിഷ്‌കരണം തുടങ്ങി. ഒരു മാസത്തിനകം ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനം എല്ലായിടത്തും നിലവലില്‍ വരും. ഇത്തരത്തില്‍ സമയം ലാഭിക്കാമെന്നും വരിയുടെ നീളം കുറയ്ക്കാമെന്നും ബെവ്കോ കണക്കുകൂട്ടുന്നത്.