രണ്ടര ലക്ഷം ടോക്കണുകളില്‍ ഔട്ട്‌ലെറ്റിന് കിട്ടിയത് 49,000 മാത്രം! ബെവ്ക്യൂ ആപ്പ് ഇതേ രീതിയില്‍ തുടര്‍ന്നാല്‍ ഔട്ട്ലെറ്റുകള്‍ പൂട്ടേണ്ടി വരുമെന്ന് ബീവറേജസ് കോര്‍പറേഷന്‍
തിരുവനന്തപുരം: ബെവ്ക്യൂ ആപ്പ് ഇതേ രീതിയില്‍ തുടര്‍ന്നാല്‍ ഔട്ട്ലെറ്റുകള്‍ പൂട്ടേണ്ടി വരുമെന്ന് ബീവറേജസ് കോര്‍പ്പറേഷന്‍. കഴിഞ്ഞ ദിവസത്തെ രണ്ടര ലക്ഷം ടോക്കണുകളില്‍ ഔട്ട്‌ലെറ്റിന് കിട്ടിയത് 49,000 ടോക്കണുകള്‍ മാത്രമാണ്. ഔട്ട് ലെറ്റുകളിലെ മദ്യവില്‍പന കുത്തനെ കുറഞ്ഞതിനാല്‍ കോര്‍പറേഷന്‍ വന്‍ നഷ്ടത്തിലാണ്.
മാര്‍ച്ച് 28ന് ഇരുപത്തിരണ്ടര കോടിയുടെ മദ്യം വിറ്റ കോര്‍പറേഷന്‍ ഇന്നലെ വിറ്റത് 17 കോടിയുടെ മദ്യം മാത്രമാണ്. ഇന്ന് അവധി ദിവസമായതിനാല്‍ ഇന്നലെ റെക്കോഡ് മദ്യ വില്‍പന നടക്കേണ്ടതായിരുന്നു. ഇതോടെയാണ് ആപ്പിനെതിരെ കോര്‍പറേഷന്‍ രംഗത്തെത്തിയത്. ആപ്പില്‍ വില്‍ക്കുന്ന ടോക്കണ്‍ കൂടുതലും എത്തുന്നത് ബാറിലേക്കാണ്.
കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിലെ കുമരകത്ത് പതിനൊന്നു മണി വരെ എത്തിയത് രണ്ടു ടോക്കണ്‍ മാത്രമായിരുന്നു. എന്നാല്‍ സമീപത്തുള്ള ബാറുകളില്‍ മദ്യത്തിനു നീണ്ട നിരയും ഉണ്ടായിരുന്നു. ഇതോടെ ഔട്ട് ലെറ്റ് മാനേജര്‍മാര്‍ തന്നെ പരാതിയുമായി കോര്‍പറേഷനിലെ ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചു. ഇന്നലെ പോയ ആകെ ടോക്കണുകളില്‍ കോര്‍പറേഷനു കിട്ടിയത് വെറും നാല്‍പത്തിയൊമ്പതിനായിരം ടോക്കണ്‍ മാത്രമാണ്.
ഇതോടെ ബവ്‌കോ എം.ഡി സ്പര്‍ജന്‍ കുമാര്‍ തന്നെ ആപ് അധികൃതരോടും സ്റ്റാര്‍ട്ട് അപ് മിഷനോടും വിശദീകരണ ചോദിച്ചു. ഉപഭോക്താവ് രജിസ്റ്റര്‍ ചെയ്യുന്ന പിന്‍ കോഡ് സെര്‍ച്ച് ചെയ്യുമ്പോള്‍ ആദ്യം കിട്ടുന്ന മദ്യക്കടയിലേക്ക് ടോക്കണ്‍ സിസ്റ്റം തന്നെ ജനറേറ്റ് ചെയ്യുന്നുവെന്നാണ് ആപ്പ് അധികൃതര്‍ നല്‍കിയ മറുപടി. നേരത്തെ കോര്‍പറേഷന്‍ ആപ്പ് കമ്പനിയായ ഫെയര്‍ കോഡിനോടു ആവശ്യപ്പെട്ടത് ആദ്യം ഔട്ട് ലെറ്റില്‍ ടോക്കണ്‍ നല്‍കുക, അതിനു ശേഷം മതി ബാര്‍ എന്നതാണ്. എന്നാല്‍ ഇപ്പോള്‍ സംഭവിക്കുന്നത് നേരെ തിരിച്ചാണെന്നാണ് സംഘടനകള്‍ ആരോപിക്കുന്നത്.