ബെംഗളൂരു: ശ്രീരാമനവമി ദിനത്തിൽ ബെംഗളൂരുവിൽ മൃഗങ്ങളെ കശാപ്പുചെയ്യുന്നതും മാംസം വിൽക്കുന്നതും നിരോധിച്ചു. ബെംഗളൂരു ബൃഹത് നഗരെ പാലികെ (ബിബിഎംപി)യുടേതാണ് തീരുമാനം. ബിബിഎംപി അധികൃതരുടെ നിർദേശത്തെ തുടർന്ന് ശ്രീരാമനവമി ദിനത്തിൽ അറവുശാലകൾ, കന്നുകാലി കശാപ്പ്, മാംസ വിൽപന എന്നിവ നിരോധിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഉത്തരവിൽ പറയുന്നു.
ഞായറാഴ്ചയാണ് ശ്രീരാമ നവമി. ശ്രീരാമനവമി ദിനത്തിൽ മാത്രമല്ല, ഗാന്ധിജയന്തി, സർവോദയ ദിനം, മറ്റ് മതപരമായ ദിനങ്ങളിലും മാംസ വിൽപനയും കശാപ്പും നിരോധിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. സംസ്ഥാനത്ത് വർഷത്തിൽ എട്ടു ദിവസമെങ്കിലും മാംസവിൽപനക്കും കശാപ്പിനും നിരോധനമുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ഏപ്രില്‍ രണ്ട് മുതല്‍ ഒന്‍പതുവരെ നീണ്ടുനില്‍ക്കുന്ന നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഇറച്ചിക്കടകള്‍ തുറക്കരുതെന്ന് ബിജെപി ഭരിക്കുന്ന ഡല്‍ഹി നഗരസഭയും ഉത്തരവിറക്കിയിരുന്നു. ഇത് സംബന്ധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സൗത്ത് ഡല്‍ഹി മേയര്‍ മുകേഷ് സൂര്യന്‍ അധികൃതര്‍ക്ക് കത്തുനല്‍കി.
രാജ്യത്താകമാനം ഏപ്രില്‍ രണ്ടുമുതല്‍ പതിനൊന്നുവരെ നവരാത്രി ആഘോഷം നടക്കുകയാണ്. ഇതിന്റെ ഭാഗമായി വിശ്വാസികള്‍ ഒന്‍പതുദിവസം ദുര്‍ഗയെ പൂജിക്കുകയാണ്. ഈ ദിവസങ്ങളില്‍ വിശ്വാസികള്‍ സസ്യാഹാരം മാത്രമാണ് കഴിക്കുക. അതുകൊണ്ട് നവരാത്രി ആഘോഷവേളയില്‍ നോണ്‍വെജിറ്റേറിയന്‍ ഫുഡ്, മദ്യം. സുഗന്ധവ്യഞ്ജനങ്ങള്‍ ഉപയോഗിക്കരുതെന്നും കത്തില്‍ പറയുന്നു.
പൊതുജനങ്ങളുടെ വികാരം കണക്കിലെടുത്ത് ഇത്തരത്തില്‍ ഒരുതീരുമാനത്തിന് അധികൃതര്‍ തയ്യാറാകണം. എന്നാല്‍ ഇത്തരത്തില്‍ ഒരു കത്ത് ലഭിച്ചിട്ടില്ലെന്നും ലഭിച്ചാലുടന്‍ തീരുമാനമെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
നവരാത്രി ആഘോഷത്തോടനുബന്ധിച്ച് സൗത്ത് ദില്ലിയിൽ ഇറച്ചി വിൽക്കുന്ന കടകൾ നിരോധിച്ച സർക്കാർ തീരുമാനത്തിനെതിരെ തൃണമൂൽ കോൺഗ്രസ് നേതാവും എംപിയുമായ മഹുവ മൊയിത്ര രംഗത്ത് വന്നിരുന്നു. ഭരണഘടന പൗരന് ഉറപ്പ് നൽകുന്ന അവകാശം ഹനിക്കപ്പെട്ടെന്ന് അവർ ട്വീറ്റ് ചെയ്തു. ഭരണഘടന നൽകുന്ന അവകാശ പ്രകാരം എപ്പോൾ വേണമെങ്കിലും ഇറച്ചി കഴിക്കാം. അതുപോലെ തന്നെ ഇറച്ചി വിൽപന ശാല നടത്താനും ഭരണഘടന അവകാശം നൽകുന്നു. എന്നാൽ സർക്കാർ തീരുമാനത്തെ തുടർന്ന് ഇതെല്ലാം നിർത്തലാക്കിയിരിക്കുകയാണെന്നും മഹുവ ട്വീറ്റ് ചെയ്തു.
I live in South Delhi.
— Mahua Moitra (@MahuaMoitra) April 6, 2022
The Constitution allows me to eat meat when I like and the shopkeeper the freedom to run his trade.
Full stop.