ബെംഗളൂരു: കനത്ത മഴയിലും കാറ്റിലും ആശുപത്രിയുടെ മതിലിടിഞ്ഞുവീണ് രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴുപേർ മരിച്ചു. അപകടത്തിൽ ഏഴുപേർക്ക് പരിക്കേറ്റു. ബെംഗളൂരു ശിവാജി നഗറിലെ ബൗറിങ് ആശുപത്രിയിലാണ് സംഭവം.
എറണാകുളം രാമമംഗലം സ്വദേശികളായ സ്മിത, ലത എന്നിവരാണ് അപകടത്തിൽ മരിച്ച മലയാളികൾ. രാമമംഗലത്തെ കുടുംബശ്രീ യൂണിറ്റ് നടത്തിയ വിനോദയാത്രയുടെ ഭാഗമായാണ് ഇവർ ബെംഗളൂരുവിലെത്തിയത്. ആകെ 56 പേരാണ് വിനോദയാത്ര സംഘത്തിലുണ്ടായിരുന്നത്. രാവിലെ വിമാനമാർഗം ബെംഗളൂരുവിലെത്തിയ സംഘം വൈകിട്ട് ഷോപ്പിങ്ങിനിറങ്ങിയ സമയത്താണ് കനത്ത മഴയും കാറ്റുമുണ്ടായത്. ഇതിനിടെ ആശുപത്രിയുടെ മതിലിനോട് ചേർന്ന് ടാർപോളിൻ കെട്ടിയ ഭാഗത്തേക്ക് ഇവർ മാറി. ഇതിനിടെയാണ് മതിലിടിഞ്ഞ് വീണത്. അപകടത്തിൽ മലയാളികളായ മൂന്ന് സ്ത്രീകൾക്കും പരിക്കേറ്റിട്ടുണ്ട്. ഇവരും വിനോദയാത്രാ സംഘത്തിലെ അംഗങ്ങളാണ്.
ബുധനാഴ്ച വൈകിട്ടുണ്ടായ ശക്തമായ മഴയ്ക്കിടെയാണ് ആശുപത്രി വളപ്പിലെ മതിൽ തകർന്നുവീണതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ആശുപത്രിയുടെ മതിലിനോട് ചേർന്ന് തെരുവുകച്ചവടം നടത്തുന്നവരും കാൽനടയാത്രക്കാരുമാണ് അപകടത്തിൽപ്പെട്ട മറ്റുള്ളവർ. അപകടമുണ്ടായതിന് പിന്നാലെ നാട്ടുകാരും പോലീസും അഗ്നിരക്ഷാസേനയും ചേർന്നാണ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.
അപകടത്തിൽ ഏഴുപേർ മരിച്ചെന്നും ഏഴുപേർക്ക് പരിക്കേറ്റെന്നുമാണ് ശിവാജിനഗർ എംഎൽഎ റിസ്‌വാൻ അർഷാദ് മാധ്യമങ്ങളോട് പറഞ്ഞത്. വിവരമറിഞ്ഞ് മുഖ്യമന്ത്രി സിദ്ധരാമയ്യയും സ്ഥലത്തെത്തി. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ അദ്ദേഹം സന്ദർശിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപയുടെ അടിയന്തര ധനസഹായവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സയും അദ്ദേഹം ഉറപ്പുനൽകി. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുമുണ്ട്.
ബുധനാഴ്ച വൈകിട്ട് മുതൽ ബെംഗളൂരുവിലെ വിവിധ ഭാഗങ്ങളിൽ കനത്തമഴയും ശക്തമായ കാറ്റുമാണ് അനുഭവപ്പെട്ടത്. സർജാപുര, കുമ്പളഗോഡു, രാമോഹള്ളി തുടങ്ങിയ മേഖലകളിൽ ഒരുമണിക്കൂറോളം തുടർച്ചയായി ശക്തമായ മഴ പെയ്തു. എം.ജി. റോഡിലും റെസിഡൻസി റോഡിലും കനത്ത മഴയെത്തുടർന്ന് വെള്ളക്കെട്ട് അനുഭവപ്പെട്ടു. ഗോത്തിഗെരെ, അഞ്ജനാപുര തുടങ്ങിയ മേഖലകളിൽ മഴ കുറവായിരുന്നു.
Seven people, including two Keralites, were killed after a wall of Bowring Hospital in Shivaji Nagar, Bengaluru, collapsed during heavy rain and wind. Seven others were injured in the incident and are currently receiving treatment. Authorities have initiated an investigation into the collapse as heavy rains continue to lash the city.


