തിരുവനന്തപുരം: കടക്കാവൂർ നിലയ്ക്കാമുക്കിൽ തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് 10 വയസുകാരന് ദാരുണാന്ത്യം. അഞ്ചുതെങ്ങ് മാമ്പള്ളി നല്ലാംതിട്ടയിൽ വാൾട്ടർ- ബിജി ദമ്പതികളുടർ മകൻ ബിനോയ് (കുട്ടു) ആണ് മരണപ്പെട്ടത്.
ബുധനാഴ്ച വൈകിട്ട് 3:15-ഓടെയായിരുന്നു സംഭവം. അമ്മ ബിജിയും ബിനോയ്, സഹോദരി ബ്ലസി തുടങ്ങിയവർ മൊബൈൽ റിപ്പയർ ചെയ്യുവാനായി ആറ്റിങ്ങലിലേക്ക് പോകവേ, നിലയ്ക്കാമുക്ക് ചന്തയ്ക്ക് മുന്നിൽവച്ച് ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷ ഫുട്ട്പാത്തിലേക്ക് ഇടിച്ചു കയറി മറിയുകയായിരുന്നു. അപകടത്തിൽ ബിനോയ് ഓട്ടോറിക്ഷയ്ക്ക് അടിയിൽ പെട്ടുപോയി. തെരുവുനായ കുറുകെ ചാടിയതാണ് അപകടത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്.
തുടർന്ന് മറ്റൊരു വാഹനത്തിൽ ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ബിനോയിയുടെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ അമ്മ ബിജി, മാമ്പള്ളി സ്വദേശിയായ ഡ്രൈവർ ഗുലായിസ് (രാജു) എന്നിവർക്ക് പരിക്കേറ്റു.
ബിനോയിയുടെ മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂൾ അഞ്ചാം ക്ലാസ്സ് വിദ്യാർഥിയായിരുന്നു. അമ്മ ബിജി മാമ്പള്ളി ഹോളിസ്പിരിറ്റ് ദേവാലയത്തിലെ കൊയർ ഗായികയാണ്. സഹോദരി: ബ്ലസി (സ്വീറ്റി).
A 10-year-old boy, Binoy (Kuttu), died after the autorickshaw he was traveling in overturned when a stray dog jumped across the road in Nilaykkamukku, Kadakkavur. Binoy was the son of Walter and Biji from Anjuthengu Mampally. The accident occurred while the driver tried to avoid the dog, leading to a loss of control. Despite being rushed to the hospital, the boy succumbed to head injuries, sparking fresh protests against the stray dog menace in the district.


