ബെംഗളൂരു: ബെംഗളൂരു രാമേശ്വരം കഫേയിലുണ്ടായ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു. ബെല്ലാരിയില്‍വെച്ച് പ്രതിയെന്ന് സംശയിക്കുന്ന ആളുമായി ഇടപഴകിയ ആളെയാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
മാര്‍ച്ച് ഒന്നിന് സ്‌ഫോടനം നടന്ന് എട്ട് മണിക്കൂറിന് ശേഷം രാത്രി 8.58 ഓടെയാണ് പ്രതിയെന്ന് സംശയിക്കുന്ന ആളെ ബെല്ലാരി ബസ് സ്റ്റാന്‍ഡില്‍ അവസാനമായി സിസിടിവിയില്‍ കണ്ടത്.
സയിദ് ഷാബിര്‍ എന്ന പേരുള്ള ആളെയാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ബെംഗളൂരുവിലെ സ്‌ഫോടനത്തിന് ശേഷം പ്രതി രണ്ട് അന്തര്‍ സംസ്ഥാന ബസുകളിലായി യാത്ര ചെയ്താണ് ബെല്ലാരിയിലെത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.
ബെല്ലാരിയിലെത്തിയ ശേഷം പ്രതി എങ്ങോട്ട് പോയെന്ന് അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല. ബെല്ലാരിയിലെത്തിയപ്പോള്‍ ഷാബിര്‍ പ്രതിയുമായി ഇടപഴകിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
സ്‌ഫോടനം നടത്തിയ രാമേശ്വരം കഫേയുടെ മൂന്ന് കിലോമീറ്റര്‍ പരിധിയില്‍വെച്ച് ഇയാള്‍ ഷര്‍ട്ടും തൊപ്പിയും മാറ്റി ടി ഷര്‍ട്ട് ധരിച്ച് പുറത്തിറങ്ങിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.