സെവിയ്യ:യൂറോകപ്പിൽ നിലവിലെ ചാമ്പ്യൻമാരായ പോർച്ചുഗലിനെ തകർത്ത് ബെൽജിയം ക്വാർട്ടറിൽ. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ഏദൻ ഹസാർഡിന്റെയും സംഘത്തിന്റെയും ജയം.
42-ാം മിനിറ്റിൽ തോർഗൻ ഹസാർഡിന്റെ തകർപ്പൻ ലോങ് റേഞ്ചറിലാണ് ബെൽജിയം വിജയം പിടിച്ചത്. ലുക്കാക്കുവും ഏദൻ ഹസാർഡും ഡിബ്രുയ്നും മുനിയറും ചേർന്നുള്ള മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്. ബോക്സിന് പുറത്തു നിന്ന് പന്ത് ലഭിച്ച തോർഗൻ ഹസാർഡിന്റെ വലംകാലനടി റുയി പട്രീസിയോയെ നിസ്സഹായനാക്കി വലയിലെത്തുകയായിരുന്നു.മ്യൂണിക്കിൽ നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ ഇറ്റലിയാണ് ബെൽജിയത്തിന്റെ എതിരാളികൾ.
മത്സരത്തിലുടനീളം 23 ഷോട്ടുകൾ ഗോളിലേക്ക് പായിച്ചെങ്കിലും ഒന്നുപോലും വലയിലെത്തിക്കാൻ പോർച്ചുഗലിനായില്ല. മത്സരത്തിലുടനീളം നിർഭാഗ്യവും അവരെ പിന്തുടർന്നു. മികച്ച അവസരങ്ങൾ ലഭിച്ചത് പോർച്ചുഗലിനായിരുന്നു.
ആറാം മിനിറ്റിൽ ലഭിച്ച സുവർണാവസരം ഡിയോഗോ ജോട്ട നഷ്ടപ്പെടുത്തിയതിൽ തുടങ്ങി പോർച്ചുഗലിന്റെ നിർഭാഗ്യം. 25-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഫ്രീ കിക്ക് ബെൽജിയം ഗോൾകീപ്പർ കോർട്വായെ പരീക്ഷിച്ചെങ്കിലും റീബൗണ്ടിൽ നിന്നുള്ള പാലിന്യയുടെ ഗോൾശ്രമവും വിജയിച്ചില്ല. 58-ാം മിനിറ്റിലും ജോട്ടയ്ക്ക് അവസരം മുതലാക്കാനായില്ല.
82-ാം മിനിറ്റിൽ പോസ്റ്റിന് മുന്നിൽ നിന്നുള്ള റൂബൻ ഡയസിന്റെ ഹെഡർ ബെൽജിയം ഗോൾകീപ്പർ തിബൗട്ട് കോർട്വാ അവിശ്വസനീയമായി രക്ഷപ്പെടുത്തുകയും ചെയ്തു. 83-ാം മിനിറ്റിലായിരുന്നു പോർച്ചുഗലിന്റെ ഏറ്റവും ദൗർഭാഗ്യകരമായ നിമിഷം. ഗുറെയ്റോയുടെ ഗോളെന്നുറച്ച ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങുകയായിരുന്നു.
ഇതിനിടെ 48-ാം മിനിറ്റിൽ കെവിൻ ഡിബ്രുയ്ൻ പരിക്കേറ്റ് പിന്മാറിയത് ബെൽജിയത്തിനും തിരിച്ചടിയായി. താരത്തിന്റെ അഭാവം രണ്ടാം പകുതിയിലെ ബെൽജിയത്തിന്റെ കളിയിൽ പ്രകടമായിരുന്നു.