ട്രംപിൻ്റെ വിരട്ടൽ ഫിഫയോട് ഏറ്റു : ബൽജിയത്തോട് ഏറ്റില്ല ,അമേരിക്കക്ക് വമ്പൻ തോൽവി, ബെൽജിയം ക്വാർട്ടറിൽ

കെറ്റലാരെയുടെ ഇരട്ടഗോൾ, ഗോളിയുടെ വലിയ പിഴവ്; USA-യെ വീഴ്ത്തി ബെൽജിയം ക്വാർട്ടറിൽ, എതിരിടുക സ്പെയിനെ

വാഷിങ്ടൺ: 2026 ഫിഫ ലോകകപ്പ് പ്രീ-ക്വാർട്ടറിൽ ആതിഥേയരായ യു.എസ്.എ.യെ തകർത്ത് ബെൽജിയം ക്വാർട്ടറിൽ. ഒന്നിനെതിരേ നാലു ഗോളുകൾക്കാണ് കീഴടക്കിയത്. കിക്കോഫ് മുതൽ ആക്രമിച്ചു കളിച്ച ബെൽജിയം മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽതന്നെ യു.എസ്. പ്രതിരോധത്തെ സമ്മർദത്തിലാക്കി. ചാൾസ് ഡി കെറ്റലാരെയുടെ ഇരട്ട ഗോളുകളും, യു.എസ്. ഗോൾകീപ്പറുടെ പിഴവ് മുതലെടുത്ത് ഹാൻസ് വാനാകൻ നേടിയ ഗോളുമാണ് ബെൽജിയത്തെ തുണച്ചത്. ഇൻജുറി ടൈമിൽ സൂപ്പർ താരം റൊമേലു ലുക്കാക്കുവും വലകലുക്കി ഗോൾപട്ടിക തികച്ചു. യു.എസിനായി മാലിക് ടിൽമാൻ ഫ്രീകിക്കിലൂടെ ഗോൾ നേടി.

ഒൻപതാംമിനിറ്റിൽ നികോളാസ് റാസ്‌കിൻ ബോക്സിനുള്ളിലേക്ക് നൽകിയ മികച്ചൊരു പാസ് കൃത്യമായി നിയന്ത്രണത്തിലാക്കി ചാൾസ് ഡി കെറ്റലാരെ പന്ത് വലയിലെത്തിക്കുകയായിരുന്നു. തുടക്കത്തിൽതന്നെ ഗോൾ വഴങ്ങിയതോടെ യു.എസ്.എ. സമ്മർദത്തിലായി. തുടർന്നും ബെൽജിയം ആക്രമണം തുടർന്നെങ്കിലും പതിന്നാലാം മിനിറ്റിൽ ടീമിന് തിരിച്ചടിയേറ്റു. മധ്യനിര താരം അമാദു ഒനാനയ്ക്ക് പരിക്കേറ്റ് കളം വിടേണ്ടിവന്നു. തുടർന്ന് ഇരുപത്തിയൊന്നാം മിനിറ്റിൽ ഹാൻസ് വാനാകൻ പകരക്കാരനായി ഇറങ്ങുകയായിരുന്നു.

30-ാം മിനിറ്റിൽ യു.എസ്. താരം ഫോളാരിൻ ബലോഗനെ ബെൽജിയം പ്രതിരോധ താരം മെഷീലെ ഫൗൾ ചെയ്തതിനെത്തുടർന്ന് യു.എസ്.എ.യ്ക്ക് ബോക്സിന് സമീപം ഫ്രീ കിക്ക് ലഭിച്ചു. 31-ാം മിനിറ്റിൽ മാലിക് ടിൽമാൻ എടുത്ത ഫ്രീകിക്ക് ബെൽജിയത്തിന്റെ പകരക്കാരൻ താരം വാനാകന്റെ ശരീരത്തിൽ തട്ടി ദിശമാറി ഗോൾപോസ്റ്റിന്റെ വലത് വശത്തേക്ക് പതിക്കുകയായിരുന്നു (1-1)

എന്നാൽ ഗോൾനേട്ടം ആഘോഷിച്ചുതീരുംമുൻപേ ബെൽജിയം ലീഡ് തിരിച്ചുപിടിച്ചു. 33-ാം മിനിറ്റിൽ ട്രൊസാർഡ് ഇടതുഭാഗത്തുനിന്ന് ബോക്സിലേക്ക് നൽകിയ ക്രോസ്, യു.എസ്. പ്രതിരോധ താരം ടിം റീമിനെ മറികടന്ന് ചാൾസ് ഡി കെറ്റലാരെ ഒരു ഹെഡ്ഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. കെറ്റലാരെയുടെ രണ്ടാം ഗോൾ. ആദ്യപകുതി 2-1ന് അവസാനിച്ചു.

രണ്ടാംപകുതിയിൽ യു.എസ്. ഗോൾകീപ്പർ ഫ്രീസ് വരുത്തിയ ഗുരുതരമായ പിഴവിലൂടെ ബെൽജിയം തങ്ങളുടെ മൂന്നാം ഗോൾ നേടി ലീഡുയർത്തി. യു.എസ്. ബോക്സിലേക്ക് നൽകിയ ഒരു ലോങ് ബോൾ ലക്ഷ്യമാക്കി കെറ്റലാരെ കുതിച്ചെങ്കിലും, ഫ്രീസ് ബോക്സിന് പുറത്തേക്ക് വന്ന് പന്ത് തന്റെ നിയന്ത്രണത്തിലാക്കി. എന്നാൽ, പന്തുമായി മുന്നോട്ട് നീങ്ങിയ ഫ്രീസിന് പണികൊടുത്ത് ഡി കെറ്റലാരെ പിന്നിൽനിന്ന് വളരെ അപ്രതീക്ഷിതമായി പന്ത് തട്ടിയെടുക്കുകയായിരുന്നു. പന്ത് നഷ്ടപ്പെട്ടതോടെ യു.എസ്. ഗോൾപോസ്റ്റ് പൂർണമായും ഒഴിഞ്ഞുകിടന്നു. ഡി കെറ്റലാരെ ഉടൻതന്നെ പന്ത് ഓടിയടുത്ത സഹതാരം വാനാകന് കൈമാറുകയും, വനാകൻ ബോക്സിന് പുറത്തുനിന്ന് ഉതിർത്ത ഷോട്ട് വലയുടെ താഴെ വലതുമൂലയിലേക്ക് തുളച്ചുകയറുകയും ചെയ്തു 3-1)

പിന്നീട് ഇൻജുറി ടൈമിൽ ബെൽജിയം താരം റൊമേലു ലുക്കാക്കു ഹാൻസ് വനാകെൻ നൽകിയ അസിസ്റ്റിൽനിന്ന് മികച്ചൊരു ഗോൾ കണ്ടെത്തി. യു.എസ്.എ. പ്രതിരോധ താരം റിച്ചാർഡ്സിൽനിന്ന് പന്ത് തട്ടിയെടുത്ത ലുക്കാക്കു, ബോക്സിന്റെ ഇടതുഭാഗത്തുനിന്നുതിരിഞ്ഞ് വലതുമൂലയിലേക്ക് വലംകാൽ കൊണ്ട് പന്ത് പായിക്കുകയായിരുന്നു. യു.എസ്.എ ഗോൾകീപ്പർ ഫ്രീസിനെ മറികടന്ന് പന്ത് വലയിലെത്തിയതോടെ ബെൽജിയം 4-1 എന്ന നിലയിൽ തങ്ങളുടെ ജയം ഉറപ്പിച്ചു.

മത്സരത്തിന് തൊട്ടുമുമ്പ് യു.എസ്. താരം ഫൊളാരിന്‍ ബലോഗന്റെ ചുവപ്പ് കാര്‍ഡുമായി ബന്ധപ്പെട്ട സസ്‌പെന്‍ഷന്‍ വിവാദമാണ് ഫുട്‌ബോള്‍ ലോകത്ത് വലിയ ചര്‍ച്ചയായത്. ബോസ്‌നിയക്കെതിരെയുള്ള മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട ബലോഗന്റെ സസ്‌പെന്‍ഷന്‍ പുനഃപരിശോധിക്കാന്‍ താന്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിന്യോയെ നേരിട്ട് വിളിച്ചതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസ് വാര്‍ത്താ സമ്മേളനത്തില്‍ സ്ഥിരീകരിച്ചിരുന്നു.

മികച്ച കളിക്കാര്‍ മൈതാനത്തുണ്ടാകണം എന്നതിനാലാണ് ഇടപെട്ടതെന്നായിരുന്നു ട്രംപിന്റെ വാദം. ഫിഫ തങ്ങളുടെ പ്രത്യേക അധികാരം ഉപയോഗിച്ച്‌ താരത്തിന് കളിക്കാന്‍ അനുമതി നല്‍കിയെങ്കിലും കളിയില്‍ അത് അമേരിക്കയ്ക്ക് തുണയായില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News