യുക്രൈന്‍-റഷ്യ യുദ്ധത്തിനിടെ നിര്‍ണായക നീക്കവുമായി ബെലാറസ്. ആണവായുധമുക്ത രാഷ്ട്രപദവി നീക്കുന്ന ഭരണഘടനാ ഭേദഗതി ബെലാറസ് പാസാക്കി. ഇതോടെ റഷ്യന്‍ ആണവായുധങ്ങള്‍ ബെലാറസില്‍ വിന്യസിക്കാനുള്ള തടസം നീങ്ങി. യുക്രൈനെതിരെ ആണവായുധങ്ങള്‍ ഉപയോഗിക്കുമെന്ന വല്‍ദിമിര്‍ പുടിന്റെ ഭീഷണിക്ക് പിന്നാലെയാണ് നീക്കം.
അതിനിടെ ബെലാറസിനെതിരെയുള്ള സാമ്പത്തിക ഉപരോധം ശക്തിപ്പെടുത്തിയിരിക്കുകയാണ് യൂറോപ്യന്‍ യൂണിയന്‍. അണുവായുധ സേനയോട് സജ്ജരായിരിക്കാനാണ് കഴിഞ്ഞ ദിവസം പുടിന്‍ പറഞ്ഞത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആണവായുധ ശേഖരങ്ങളുള്ള രാജ്യങ്ങളിലൊന്ന് റഷ്യയാണ്. പാശ്ചാത്യ രാജ്യങ്ങള്‍ ഒന്നടങ്കം യുക്രൈന്‍ ആക്രമിച്ച റഷ്യന്‍ നടപടിക്കെതിരെ രംഗത്തെത്തിയ സാഹചര്യത്തിലാണ് ആണവായുധ സേനയോട് സജ്ജരായിരിക്കാന്‍ പുടിന്‍ നിര്‍ദേശം നല്‍കിയത്. അതേസമയം, പുടിന്റെ പരാമര്‍ശത്തില്‍ അമേരിക്ക ശക്തമായ വിദ്വേഷം രേഖപ്പെടുത്തി.
യുദ്ധം ലോകമെങ്ങും ആശങ്ക വിതയ്ക്കുമ്പോള്‍ ലോകരാജ്യങ്ങളെല്ലാം ഉറ്റുനോക്കുന്ന യുക്രൈന്‍- റഷ്യ ചര്‍ച്ചയ്ക്ക് മുന്നോടിയായി പ്രതികരിച്ച് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി. റഷ്യയുമായുള്ള ചര്‍ച്ചകളില്‍ തനിക്ക് കാര്യമായ പ്രതീക്ഷയില്ലെന്ന് സെലന്‍സ്‌കി പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാന്‍ താന്‍ ശ്രമിച്ചില്ലെന്ന് ഒരു പൗരനും കരുതരുതെന്ന് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. അതിര്‍ത്തി സംരക്ഷിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുക്രൈനെ സംബന്ധിച്ച് അടുത്ത 24 മണിക്കൂര്‍ വളരെ നിര്‍ണായകമാണെന്നും സെലന്‍സ്‌കി അറിയിച്ചു. യു കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി സെലന്‍സ്‌കി ഫോണില്‍ സംസാരിച്ചിരുന്നു. സെലന്‍സ്‌കിയുടെ നേതൃപാടവത്തെ ബോറിസ് ജോണ്‍സണ്‍ പ്രശംസിച്ചു. ഞായറാഴ്ച ദുഷ്‌കരമായ ദിവസമായിരുന്നെന്നും സെലന്‍സ്‌കി അറിയിച്ചു.
ബെലാറസില്‍ വച്ച് ചര്‍ച്ചയ്ക്ക് തയാറെന്ന് യുക്രൈന്‍ അറിയിച്ചതായി റഷ്യയാണ് ഇന്നലെ പ്രഖ്യാപിച്ചത്. യുക്രൈന്‍ പ്രതിനിധി സംഘം ചര്‍ച്ചയ്ക്ക് തിരിച്ചതായി റിപ്പോര്‍ട്ട്. ബെലാറസില്‍ വച്ച് ചര്‍ച്ചയ്ക്ക് തയാറല്ലെന്നായിരുന്നു യുക്രൈന്‍ പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്‌കി നേരത്തെ പറഞ്ഞിരുന്നത്. വായ്സോ, ഇസ്താംബുള്‍,എന്നിവിടങ്ങളില്‍ എവിടെയും ചര്‍ച്ചയ്ക്ക് തയാറാണ് എന്നാല്‍ ബലാറസില്‍ വച്ചുള്ള ചര്‍ച്ചയ്ക്ക് തയാറല്ലെന്നുമാണ് യുക്രൈന്‍ അറിയിച്ചിരുന്നത്. ആക്രമണം നിര്‍ത്തുകയാണ് റഷ്യ ആദ്യം ചെയ്യേണ്ടതെന്നും ബെലാറസില്‍ നിന്ന് ആക്രമണം നടത്തുമ്പോള്‍ ചര്‍ച്ച സാധ്യമല്ലെന്നും സെലന്‍സ്‌കി പ്രതികരിച്ചിരുന്നു.
സാധാരണക്കാരെ കൊന്നൊടുക്കുന്നതിന് റഷ്യയെ വിചാരണ ചെയ്യണമെന്ന് അന്താരാഷ്ട്ര കോടതിയോട് യുക്രൈന്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ യുഎന്‍ രക്ഷാസമിതിയില്‍ നിന്ന് റഷ്യയെ പുറത്താക്കണമെന്നും സെലെന്‍സ്‌കി ആവശ്യപ്പെട്ടിരുന്നു. യുക്രൈനിലെ റഷ്യന്‍ അധിനിവേശം കൂട്ടക്കുരുതിയാണ്. റഷ്യ തിന്മയുടെ പാത സ്വീകരിച്ചെന്നും യുഎന്‍ രക്ഷാസമിതിയില്‍ നിന്നും റഷ്യയെ പുറത്താക്കാന്‍ ലോകം ഒന്നിക്കണമെന്നും സെലെന്‍സ്‌കി വിഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെടുകയായിരുന്നു.