ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പര നിലനിര്‍ത്തിയ ഇന്ത്യന്‍ ടീമിന് ബിസിസിഐ അഞ്ച് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. അപ്രതീക്ഷിത വിജയത്തിന്റെ ആഹ്‌ളാദത്തില്‍ നില്‍ക്കുന്ന ഇന്ത്യന്‍ ടീമിന് ബി.സി.സി.ഐ പ്രഖ്യാപനം ഇരട്ടി മധുരമാണ് സമ്മാനിച്ചിരിക്കുന്നത്. ‘ഓസ്ട്രേലിയയില്‍ പരമ്പര ജയിച്ച ഇന്ത്യന്‍ ടീമിന് അഞ്ചു കോടി രൂപ ബോണസ്സായി നല്‍കും. മികവാര്‍ന്ന പ്രകടനമാണ് താരങ്ങള്‍ കാഴ്ചവെച്ചത്. എല്ലാ ഇന്ത്യക്കാരെയും പ്രചോദിപ്പിക്കുന്ന നേട്ടമാണ് ഓസ്ട്രേലിയയില്‍ ടീം നേടിയത്. ആശംസകള്‍’ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ ട്വീറ്ററിലൂടെ കുറിച്ചു.
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര വിജയത്തോടെ ടെസ്റ്റ് റാങ്കിംഗിലും ഇന്ത്യ മുന്നേറി. ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഓസ്‌ട്രേലിയയെ പിന്തള്ളി ഇന്ത്യ രണ്ടാമതെത്തി. ഇന്ത്യക്ക് ഇപ്പോള്‍ 117.65 പോയിന്റുണ്ട്. 113 പോയിന്റുള്ള ഓസ്‌ട്രേലിയ മൂന്നാമതാണ്. 118.44 പോയിന്റുമായി ന്യൂസിലാന്‍ഡാണ് ഒന്നാമത്.
നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ വിജയം. 328 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 18 പന്ത് ശേഷിക്കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഇതോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി. ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, റിഷഭ് പന്ത് എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറി മികവിലാണ് നിര്‍ണായക മത്സരം ഇന്ത്യ ജയിച്ചു കയറിയത്.