30 C
Kottayam
Friday, May 17, 2024

ബി.ജെ.പി തെരഞ്ഞെടുപ്പ് കോഴ, കുറ്റപത്രം ഉടൻ, സുരേന്ദ്രനനൊപ്പം വയനാട് ജില്ലാ വൈസ് പ്രസിഡണ്ടും പ്രതിയാകും

Must read

ബത്തേരി: ബത്തേരി നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ സി കെ ജാനുവിന് ബിജെപി കോഴ നൽകിയെന്ന കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് അന്വേഷണ സംഘം. ബിജെപി വയനാട് ജില്ലാ വൈസ് പ്രസിഡന്‍റ് പ്രശാന്ത് മലവയൽ കേസിൽ പ്രതിയാകും. ബത്തേരി മണിമല ഹോംസ്റ്റേയിൽ വെച്ച് സി കെ ജാനുവിന് പണം നൽകിയത് പ്രശാന്ത് മലവയൽ ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. നിലവിൽ ഒന്നാം പ്രതി കെ  സുരേന്ദ്രനും രണ്ടാം പ്രതി സി.കെ ജാനുവുമാണ്.

തിരുവനന്തപുരത്തും ബത്തേരിയിൽ വെച്ചും സി കെ ജാനുവിന് പണം നൽകിയതിന് വ്യക്തമായ തെളിവുകൾ ലഭിച്ചെന്ന് അന്വേഷണ സംഘം അറിയിച്ചു. ജെആർപി ട്രഷറർ പ്രസീത അഴീക്കോട് പുറത്തുവിട്ട ഫോൺ സംഭാഷണങ്ങളുടെ ഫോറൻസിക്‌ പരിശോധന ഫലവും ഉടൻ ലഭിക്കും. എൻഡിഎയുടെ സ്ഥാനാർത്ഥിയാകാൻ ജെആർപി നേതാവായിരുന്ന സികെ ജാനുവിന് ബിജെപി നേതാക്കൾ പണം നൽകിയെന്ന ആരോപണമാണ് കേസിന് ആസ്പദമായ സംഭവം.

മ‍ഞ്ചേശ്വരം കോഴക്കേസില്‍ കെ. സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. പട്ടികജാതി/ പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് സുരേന്ദ്രനെതിരെ പുതിയ വകുപ്പ് ചുമത്തിയിരിക്കുന്നത്. മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍തിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.

ഇതിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. പട്ടികജാതി/ പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ വകുപ്പു കൂടി സുരേന്ദ്രനെതിരെ ചുമത്തിയാണ് റിപ്പോര്‍ട്ട്. ജാമ്യമില്ലാ വകുപ്പാണിത്. കെ. സുരേന്ദ്രന്‍ ഉള്‍പ്പടെ ആറ് പേരാണ് പ്രതികള്‍.

ജനപ്രാതിനിധ്യ നിമയത്തിലെ 171 ബി, ഇ വകുപ്പുകള്‍ക്ക് പുറമേ അന്യായമായി തടങ്കലില്‍ വയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ നേരത്തെ ചുമത്തിയിരുന്നു. പുതിയ വകുപ്പു കൂടി ചുമത്തിയതോടെ കേസിന്‍റെ പ്രാധാന്യം കൂടും. കേസ് രജിസ്റ്റര്‍ ചെയ്ത് ഒരു വര്‍ഷത്തിന് ശേഷമാണ് ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. പ്രധാന തെളിവായ സുരേന്ദ്രന്‍ ഉപയോഗിച്ച സ്മാര്‍ട്ട്ഫോണ്‍ കണ്ടെടുത്ത് പരിശോധിക്കാന്‍ ഇതുവരേയും ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. മൊബൈല്‍ ഫോണ്‍ ഹാജരാക്കണമെന്ന് രണ്ട് തവണ നോട്ടീസ് നല്‍കിയെങ്കിലും അത് നഷ്ടപ്പെട്ടുവെന്നാണ് സുരേന്ദ്രന്‍ അന്വേഷണ സംഘത്തെ അറിയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week