കൊച്ചി:മലയാള സിനിമയിൽ ഇന്ന് നടനെന്ന നിലയിലും സംവിധായകനെന്ന നിലയിലും വിലപിടിപ്പുള്ള താരമാണ് ബേസിൽ ജോസഫ്. സാമ്പത്തിക വിജയം നേടുന്ന സിനിമകൾ മലയാളത്തിൽ കുറവായിരിക്കെയും സൂപ്പർ സ്റ്റാർ സിനിമകൾ വരെ പരാജയപ്പെടുന്ന സാഹചര്യത്തിലുമാണ് ബേസിൽ തുടരെ വിജയങ്ങളുമായി മുന്നേറുന്നത്. സംവിധാനം ചെയ്ത മിന്നൽ മുരളി എന്ന സിനിമ വൻ വിജയമായി. മറുവശത്ത് അഭിനയിച്ച ജയ ജയ ഹേ ഉൾപ്പെടെയുള്ള സിനിമകൾ വൻ സ്വീകാര്യതയും നേടി.
ഹൈപ്പില്ലാതെ എത്തി വിജയം കൈവരിക്കുന്നതാണ് ബേസിൽ ജോസഫിന്റെ രീതി. ജയ ജയ ഹേയുടെ വിജയത്തോടെ അഭിനയ രംഗത്ത് കുറേക്കൂടി തിരക്കിലാണ് ബേസിൽ ജോസഫ്. വിനീത് ശ്രീനിവാസന്റെ സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചാണ് ബേസിൽ സിനിമാ രംഗത്തേക്ക് വരുന്നത്. കഠിന കഠോരമീ അണ്ഡകഠാഹമാണ് ബേസിൽ അഭിനയിച്ച പുതിയ സിനിമ. 2021 ലാണ് മിന്നൽ മുരളി എന്ന സിനിമ പുറത്തിറങ്ങുന്നത്.
ബേസിലിന്റെ കരിയർ ഗ്രാഫ് മാറ്റി മറിച്ച സിനിമയായിരുന്നു ഇത്. ടൊവിനോ തോമസ് നായകനായ സിനിമയിൽ ഗുരു സോമ സുന്ദരം, ഷെല്ലി തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങൾ. റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ ഈ സിനിമയുടെ ഓർമ്മ പങ്കുവെച്ചിരിക്കുകയാണ് ബേസിൽ.
സംവിധാനം ചെയ്യുമ്പോൾ തനിക്ക് ദേഷ്യം വരാറുണ്ടെന്ന് ബേസിൽ പറയുന്നു, ‘എനിക്ക് പെട്ടെന്ന് ദേഷ്യമൊക്കെ വരും. ഞാൻ എഫെർട്ടിടുന്ന ആളാണ്. ഇഷ്ടമുള്ള കാര്യത്തിൽ. സിനിമ എനിക്ക് ഭയങ്കര ഇഷ്ടമാണ്’
‘പ്രത്യേകിച്ചും സംവിധാനം. അതിനാൽ ഭയങ്കരമായി പണിയെടുക്കും. രാത്രിയോ പകലെന്നോ ഇല്ലാതെ. ബാക്കിയുള്ളവരും അങ്ങനെ എഫെർട്ട് ഇടണമെന്ന് ഞാനും വിചാരിക്കും. മിന്നൽ മുരളിയുടെ സമയത്ത് കൈയിൽ നിന്ന് പോയിട്ടുണ്ട്. ക്ലൈമാക്സ് ഷൂട്ട് ചെയ്തിരുന്ന സമയത്ത്. അങ്ങനെ ഭാര്യ ലീവെടുത്ത് എന്റെ കൂടെ വന്ന് നിന്നിട്ടുണ്ട്. ആ സമയത്തൊക്കെ ഞാൻ കരഞ്ഞിട്ടുണ്ട്’
‘സംവിധായകനെന്ന നിലയിൽ എനിക്ക് കുറച്ച് കൂടെ കോൺഫിഡൻസുണ്ട്. ആക്ടറെന്ന നിലയിൽ എന്നെക്കൊണ്ട് നന്നായി ചെയ്യിക്കാൻ പറ്റുന്ന സംവിധായകനും കൂടി വേണമെന്ന് തോന്നുന്നു,’ ബേസിൽ ജോസഫ് പറഞ്ഞു.
കുടുംബത്തിനും കരിയറിനും സമയം കൊടുക്കുന്നതാണ് കഠിനമെന്നും ബേസിൽ പറയുന്നു. നടനെന്ന നിലയിൽ കുറച്ച് കൂടി തിരക്കുകളിലേക്ക് ഈ വർഷം പോവുമെന്ന സൂചനയും ബേസിൽ നൽകി. കുറച്ച് കൂടി വലിയ സിനിമകളുണ്ട്. പൃഥിരാജിനൊപ്പം വരാനിരിക്കുന്ന സിനിമയിൽ പ്രതീക്ഷയുണ്ടെന്നും ബേസിൽ ജോസഫ് പറഞ്ഞു.
കരിയറിനൊപ്പം വ്യക്തി ജീവിതത്തിലും സന്തോഷങ്ങളുടെ കാലമാണ് ബേസിലിനിത്. കുറച്ച് മാസം മുമ്പാണ് ബേസിലും ഭാര്യ എലിസബത്തും മാതാപിതാക്കളായത്. ഇതിന്റെ സന്തോഷത്തെക്കുറിച്ച് ബേസിൽ നേരത്തെ സംസാരിച്ചിരുന്നു. കുഞ്ഞ് ജനിക്കുന്ന ഫീൽ പലരും പറഞ്ഞപ്പോഴും ഇത്രത്തോളമുണ്ടാവുമെന്ന് കരുതിയില്ല.
അവർ പറഞ്ഞതിനേക്കാൾ മനോഹരമാണ് കുഞ്ഞിനൊപ്പമുള്ള സമയങ്ങൾ. കുഞ്ഞ് ജനിച്ച ശേഷം രണ്ട് മാസം സിനിമയിൽ നിന്നും അവധിയെടുത്തിരുന്നു, കുഞ്ഞ് വന്ന ശേഷം എല്ലാ കാര്യങ്ങളും കുഞ്ഞിനെ ചുറ്റിപ്പറ്റിയായി. മുമ്പത്തെ ജീവിത രീതിയിൽ നിന്നും മാറ്റം വന്നെന്നും ബേസിൽ പറഞ്ഞു. ഹോപ്പ് എന്നാണ് ബേസിലിന്റെ കുഞ്ഞിന് നൽകിയിരിക്കുന്ന പേര്.
ഒരു സീരീസ് കണ്ട് ഭാര്യ എലിബസത്താണ് ഈ പേരിട്ടതെന്നും തനിക്കും അതിഷ്ടമായെന്നും ബേസിൽ പറഞ്ഞു. കഠിന കഠോരമീ അണ്ഠകടാഹം എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് ബേസിൽ ജോസഫ്. നവാഗതനായ മുഹ്ഷിൻ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഇന്ദ്രൻസ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ബിനു പപ്പു തുടങ്ങിയവരാണ് സിനിമയിലെ പ്രധാന താരങ്ങൾ.