‘ശാലിനിയുമായി ഇഴുകിച്ചേർന്ന് അഭിനയിച്ചു; മാധവനോട് അജിത്ത് വഴക്കിട്ടു’; ശരിക്കും നടന്നതെന്തെന്ന് വെളിപ്പെടുത്തൽ
കൊച്ചി:തെന്നിന്ത്യൻ സിനിമയിലെ പ്രിയപ്പെട്ട താര ദമ്പതികളാണ് അജിത്ത് കുമാറും ശാലിനിയും. തമിഴകത്തെ സൂപ്പർ സ്റ്റാറാണ് അജിത്ത്. ശാലിനിയാവട്ടെ ഒരു കാലത്ത് മലയാളം, തമിഴ് സിനിമകളിൽ നിറഞ്ഞ് നിന്ന നായിക നടിയും. അമർക്കളം എന്ന സിനിമയ്ക്കിടെയാണ് അജിത്തും ശാലിനിയും പ്രണയത്തിലാവുന്നത്. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്ന് ശാലിനി പിൻമാറി. ഇതിനിടെ തമിഴ് സിനിമാ രംഗത്ത് സൂപ്പർ സ്റ്റാറായി അജിത്ത് മാറി.
അനൗഷ്ക, അദ്വിക് എന്നീ രണ്ട് മക്കളാണ് അജിത്തും ശാലിനിക്കുമുള്ളത്. സിനിമ കഴിഞ്ഞാൽ പൊതുവേദികളിലൊന്നും അജിത്തിനെ കാണാറില്ല. സിനിമയുടെ പ്രൊമോഷൻ പരിപാടികളിലോ അവാർഡ് നിശകളിലോ അജിത്തുണ്ടാവാറില്ല. സിനിമ കഴിഞ്ഞാൽ തന്റെ സ്വകാര്യ ജീവിതത്തിനാണ് അജിത്ത് പ്രാധാന്യം നൽകുന്നത്. വിദേശ യാത്രകൾക്കും തന്റെ ഹോബികൾക്കും അജിത്ത് പ്രാധാന്യം നൽകുന്നു.
അജിത്തിനെയും ശാലിനിയെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് തമിഴ് സിനിമാ മാസികളിൽ ലേഖകനായി പ്രവർത്തിച്ച ചെയ്യാർ ബാലു. ആഗയം തമിഴ് ചാനലിനോടാണ് പ്രതികരണം. അജിത്തും ശാലിനിയും പ്രണയത്തിലായിരിക്കെ നിരവധി ഗോസിപ്പുകൾ ഇവരെ പറ്റി വന്നിരുന്നു. അജിത്ത് ശാലിനിയുടെ മേൽ വളരെ പൊസസീവായിരുന്നെന്നും ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കുന്നത് ഇഷ്ടമല്ലായിരുന്നെന്നുമാണ് അന്ന് പുറത്ത് വന്ന അഭ്യൂഹങ്ങൾ.
അലൈപായുതെ എന്ന സിനിമയിൽ ശാലിനി റൊമാന്റിക് രംഗങ്ങളിൽ അഭിനയിച്ചത് അജിത്തിനിഷ്ടപ്പെട്ടില്ലെന്നും ഇതിന്റെ പേരിൽ സിനിമയിൽ നായകനായി അഭിനയിച്ച മാധവനുമായി അജിത്ത് വഴക്കിട്ടെന്നുമായിരുന്നു അഭ്യൂബം. ഇതേക്കുറിച്ച് ഇദ്ദേഹം സംസാരിച്ചു.
അലൈപായുതേ സിനിമ ചെയ്യുമ്പോൾ ചുംബന രംഗങ്ങളിൽ അഭിനയിക്കില്ലെന്ന് ശാലിനി പറഞ്ഞു. കഥയിലെ പ്രണയം ഓഡിയൻസിലേക്കെത്താൻ വേണ്ടി കുറച്ച് രംഗങ്ങൾ വേണമെന്ന് സംവിധായകൻ മണിരത്നം പറഞ്ഞു. അജിത്തിന് ശാലിനി ഇഴുകിയഭിനയിക്കുന്നത് ഇഷ്ടപ്പെട്ടില്ലെന്നും ഇതിന്റെ പേരിൽ മാധവനുമായി പ്രശ്നമുണ്ടായെന്നും അന്ന് റിപ്പോർട്ടുകൾ വന്നെന്നത് ശരിയാണ്. എന്നാൽ അജിത്ത് ദേഷ്യപ്പെട്ടതായി എനിക്കറിയില്ല. മാധവന്റെ ഭാര്യയും ശാലിനിയും നല്ല സുഹൃത്തുക്കളാണെന്നും ചെയ്യാർ ബാലു വ്യക്തമാക്കി.
ഒരു ഘട്ടത്തിന് ശേഷം സിനിമകളിലേ അഭിനയിക്കുന്നില്ലെന്ന തീരുമാനം ശാലിനി എടുത്തു. അതിഥി വേഷം പോലും ചെയ്യില്ല, അജിത്തിന്റെ സിനിമകളിലും വരില്ല, കുടുംബിനിയായി ജീവിക്കാമെന്ന തീരുമാനമെടുത്തു. അജിത്ത് പ്രൊപ്പോസ് ചെയ്തപ്പോൾ തുടക്കത്തിൽ സമ്മതം പറയാഞ്ഞതിനെക്കുറിച്ചും ചെയ്യാർ ബാലു സംസാരിച്ചു. അച്ഛന്റെ സമ്മതം ഇല്ലാതെ തീരുമാനിക്കില്ലെന്നായിരുന്നു ശാലിനി പറഞ്ഞത്. ശാലിനിയും സഹോദരി ശ്യാമിലിയും അങ്ങനെയാണെന്നും ചെയ്യാർ ബാലു പറഞ്ഞു.
2000 ഏപ്രിലിലാണ് അജിത്തും ശാലിനിയും വിവാഹം കഴിച്ചത്. തുനിവാണ് അജിത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മഞ്ജു വാര്യരായിരുന്നു സിനിമയിലെ നായിക. സിനിമ ഭേദപ്പെട്ട വിജയമായിരുന്നു. മലയാള സിനിമകളിൽ തുടരെ അഭിനയിച്ചിരുന്ന നടിയാണ് ശാലിനി. അനിയത്തി പ്രാവ്, നിറം തുടങ്ങിയ സിനിമകളിൽ ശാലിനി ചെയ്ത വേഷം ശ്രദ്ധിക്കപ്പെട്ടു.
ശാലിനിയും കുഞ്ചാക്കോ ബോബനും അന്ന് ഓൺസ്ക്രീനിലെ ഹിറ്റ് ജോഡിയായിരുന്നു. അജിത്ത്-ശാലിനി പ്രണയത്തിന് താനും ദൂതനായിട്ടുണ്ടെന്ന് കുഞ്ചാക്കോ ബോബൻ മുമ്പ് പറഞ്ഞിരുന്നു. ശാലിനി തിളങ്ങി നിന്ന കാലഘട്ടത്തിലെ മിക്ക നടിമാരും വിവാഹ ശേഷം അഭിനയ രംഗം ഉപേക്ഷിക്കുകയുണ്ടായത്.
ജ്യോതിക, മഞ്ജു വാര്യരുൾപ്പെടെയുള്ള നടിമാർ വിവാഹത്തോടെ അഭിനയ രംഗം വിട്ടു. ജ്യോതികയും മഞ്ജു വാര്യരുമെല്ലാം പിന്നീട് അഭിനയ രംഗത്തേക്ക് തിരിച്ച് വന്നു. എന്നാൽ ശാലിനി ഇതിന് തയ്യാറായിട്ടില്ല. അടുത്തിടെയാണ് ശാലിനി സോഷ്യൽ മീഡിയ അക്കൗണ്ട് പോലും തുടങ്ങിയത്. പൊതുവെ ലൈം ലൈറ്റിലേക്ക് വരാൻ ഇഷ്ടപ്പെടുന്ന വ്യക്തിയല്ല ശാലിനി.