‘ആദ്യമായും അവസാനമായും അഭിനയിച്ച സിനിമ കാണാതെ കുഞ്ഞേട്ടന്‍ പോയി’; നൊമ്പരക്കുറിപ്പുമായി ബേസില്‍ ജോസഫ്

ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി എന്ന ചിത്രത്തില്‍ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച അച്ഛന്‍ കുഞ്ഞേട്ടന്‍ എന്ന കലാകാരന്‍ കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം അന്തരിച്ചിരുന്നു. താരത്തിന്റെ വേര്‍പാട് വേദനാപൂര്‍വം ഓര്‍ക്കുകയാണ് ബേസില്‍ ജോസഫ്.

വയനാട്ടിലെ ഷൂട്ടിങ്ങിനിടയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി വരികയും പിന്നീട് അസാധ്യമായ നര്‍മ്മബോധവും ടൈമിങ്ങും സിനിമയിലെ ഒരു മുഴുനീള കഥാപാത്രത്തിലേക്ക് എത്തിക്കുകയായിരുന്നു അച്ഛന്‍ കുഞ്ഞേട്ടന്‍. പട്ടിണിയും ദാരിദ്ര്യവും,ഒറ്റപ്പെടലും ഒക്കെ ഒരുപാട് അനുഭവിച്ചിരുന്നെങ്കിലും ഒരിക്കലും അത് പുറത്തു കാണിക്കാതെ, ചുറ്റുമുള്ളവരെ ചിരിപ്പിക്കാന്‍ മാത്രം ശ്രമിച്ചിരുന്ന അച്ഛന്‍ കുഞ്ഞേട്ടന്‍, ഒടുവില്‍ താന്‍ ആദ്യമായും അവസാനമായും അഭിനയിച്ച സിനിമ ഒന്ന് കാണാന്‍ കഴിയാതെ യാത്രയായതില്‍ ഒരുപാട് വിഷമമുണ്ട്, ബേസില്‍ പറഞ്ഞു. ലോക്ക് ഡൗണ്‍ കാരണം റിലീസ് മാറ്റി വെച്ചിരുന്നു. ചിത്രം ഓണത്തിന് റിലീസിനെത്തുമെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മിന്നല്‍ മുരളി സിനിമയിലെയും സിനിമാ സെറ്റിലേയും മിന്നും താരം ആയിരുന്ന അച്ഛന്‍ കുഞ്ഞേട്ടന്‍ ഇന്നലെ ഹൃദയാഘാതം മൂലം അന്തരിച്ചു . വയനാട്ടിലെ ഷൂട്ടിങ്ങിനിടയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ് ആയി വരികയും പിന്നീട് അസാധ്യമായ നര്‍മ്മബോധവും ടൈമിങ്ങും സിനിമയിലെ ഒരു മുഴുനീള കഥാപാത്രത്തിലേക്ക് അദ്ദേഹത്തെ എത്തിക്കുകയുമുണ്ടായി .

എന്ത് ടെന്‍ഷന്‍ ഉള്ള ഷൂട്ടിനിടയിലും അച്ഛന്‍ കുഞ്ഞേട്ടന്‍ ആ വഴി പോയാല്‍ ബഹു കോമഡി ആണ് . അത്രക്ക് പോസിറ്റിവിറ്റി ആയിരുന്നു ലൊക്കേഷനില്‍ അദ്ദേഹം പടര്‍ത്തിയിരുന്നത് . അത് കൊണ്ടു തന്നെ മാസങ്ങള്‍ നീണ്ടു നിന്ന ഷൂട്ടിംഗ് അവസാനിച്ചപ്പോഴേക്കും ഞങ്ങളുടെയും നാട്ടുകാരുടെയും ഒക്കെ പ്രിയങ്കരന്‍ ആയി മാറിയിരുന്നു അദ്ദേഹം .

പട്ടിണിയും ദാരിദ്ര്യവും ,ഒറ്റപ്പെടലും ഒക്കെ ഒരുപാട് അനുഭവിച്ചിരുന്നെങ്കിലും ഒരിക്കലും അത് പുറത്തു കാണിക്കാതെ , ചുറ്റുമുള്ളവരെ ചിരിപ്പിക്കാന്‍ മാത്രം ശ്രെമിച്ചിരുന്ന അച്ഛന്‍ കുഞ്ഞേട്ടന്‍ , ഒടുവില്‍ താന്‍ ആദ്യമായും അവസാനമായും അഭിനയിച്ച സിനിമ ഒന്ന് കാണാന്‍ കഴിയാതെ യാത്രയായതില്‍ ഒരുപാട് വിഷമമുണ്ട് .

എങ്കിലും അവസാന നാളുകളില്‍ ഒരു സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുകയും , ആ സിനിമയോടൊപ്പം പല നാടുകള്‍ സഞ്ചരിക്കുകയും , പല ആളുകളുമായി ഇടപെടുകയും ഒക്കെ ചെയ്യാന്‍ ഉള്ള ഭാഗ്യം അദ്ദേഹത്തിന് ഉണ്ടായി എന്നതില്‍ ആശ്വസിക്കുന്നു . ആദരാഞ്ജലികള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News