ബെംഗളൂരു: കർണാടകയിലെ മുൻ കോൺഗ്രസ് സർക്കാരിന്റെ ആസൂത്രിതമല്ലാത്ത ഭരണമാണ് ബെംഗളൂരുവിലെ പ്രളയത്തിന് കാരണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. കോൺഗ്രസ് സർക്കാർ ഇടതും വലതും മധ്യത്തിലുമായി തടാകങ്ങളും ബഫർ സോണുകൾക്കും അനുമതി നൽകിയെന്ന് ബസവരാജ് ബൊമ്മെ കുറ്റപ്പെടുത്തി. എന്നാൽ ബിജെപി സർക്കാരിന്റെ പരാജയമാണ് ബെംഗളൂരു വെള്ളക്കെട്ടിലായതെന്ന് കോൺഗ്രസ് തിരിച്ചടിച്ചു.
ആധുനിക അടിസ്ഥാന സംവിധാനങ്ങൾ ഉപയോഗിച്ച് ബെംഗളൂരുവിനെ ലോകോത്തര നഗരമാക്കുമെന്ന് വാഗ്ദാനത്തെക്കുറിച്ച് ബിജെപി സർക്കാരിനെ ഓർമ്മപ്പെടുത്തേണ്ട സമയമാണ് ഇത്. ഇനി എന്താണ് നിങ്ങളുടെ പരിഹാരമെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.
എന്നാൽ പ്രളയത്തിനെതിരെ സർക്കാർ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും യുദ്ധ സമയത്ത് ഐക്യദാർഢ്യം പ്രകടിപ്പിക്കാതെ രാഷ്ട്രീയം കളിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.
കർണാടകയിൽ, പ്രത്യേകിച്ച് ബെംഗളൂരുവിൽ കനത്ത മഴയാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ ഇത് ബെംഗളൂരുവിനെ മുഴുവനായും ബാധിച്ചിട്ടില്ല. രണ്ട് സോണുകളിലാണ് കാര്യമായി ബാധിച്ചിട്ടുള്ളത്. ഇതിന്റെ കാരണം ചെറിയ പ്രദേശത്ത് 69 ടാങ്കുകളാണ് നിരന്നു കിടക്കുന്നത്. എല്ലാം കവിഞ്ഞൊഴുകുകയാണ്. മറ്റൊരു കാര്യം ഇവ താഴ്ന്ന പ്രദേശമാണ്. കൂടാതെ ക്രമക്കേടുകളും പ്രതിസന്ധി ഗുരുതരമാക്കി.
അതേസമയം ബെംഗളൂരുവിൽ മഴക്കെടുതി രൂക്ഷമാകുകയാണ്. 430 വീടുകൾ പൂർണ്ണമായും തകർന്നു, 2188 വീടുകൾ ഭാഗികമായി തകർന്നു, 225 കിലോ മീറ്ററിലേറെ റോഡ് തകർന്നു, പാലം, വൈദ്യുതി തൂണുകൾ തുടങ്ങിയവയും തകർന്നതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാനും മറ്റുപ്രവർത്തനങ്ങൾക്കുമായി സംസ്ഥാന സർക്കാർ 1,800 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.