EntertainmentFeaturedKeralaNews

നടനമികവിന് ഇനി സംവിധായകൻ്റെ തലയെടുപ്പും, ബറോസിന് തിരിതെളിഞ്ഞു

കൊച്ചി:മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ സംവിധായകൻ്റെ മേലങ്കി അണിയുന്ന ‘ബറോസ്’എന്ന ത്രീഡി ചിത്രത്തിന് ഉജ്ജ്വല തുടക്കം.സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾ അടുത്തിടെ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിന് കാക്കനാട് നവോദയ സ്റ്റുഡിയോയിൽ തുടക്കം കുറിച്ചു.ഇന്ത്യയിലെ ആദ്യത്തെ ത്രിമാന ചിത്രമായ മൈഡിയർ കുട്ടിച്ചാത്തൻ ഒരുക്കിയ ജിജോ പുന്നൂസാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്.

ദിലീപ്, പൃഥ്വിരാജ്, മമ്മൂട്ടി, സംവിധായകൻ പ്രിയദർശൻ തുടങ്ങി നിരവധി പേരാൽ സമ്പന്നമായിരുന്നു പൂജാ ചടങ്ങുകൾ.
മോഹൻലാൽ തന്നെയാണ് ചിത്രത്തിൽ പ്രധാനകഥാപാത്രമായ ബറോസ് എന്ന ഭൂതമായി എത്തുന്നത്. മാര്‍ച്ച് 24ന് ബറോസിന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ അറിയിച്ചിരുന്നു. എല്ലാ പ്രേക്ഷകരുടെയും പ്രാര്‍ത്ഥനകളും അനുഗ്രഹവും ഒപ്പമുണ്ടാകണമെന്നും മോഹന്‍ലാല്‍ ആവശ്യപ്പെട്ടു. ആശിർവാദ് സിനിമാസാണ് ‘ബറോസ്’ നിർമ്മിക്കുന്നത്. പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക. സെക്സ് ആൻഡ് ലൂസിയ, ഓള്‍ റോഡ്‌സ് ലീഡ്‌സ് ടു ഹെവന്‍, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാസ് വേഗ.

പ്രഖ്യാപന സമയം മുതൽ മലയാള സിനിമാസ്വാദകരുടെ ഇടയിലെ ചർച്ചയാണ് ബറോസ്. പ്രിയതാരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് അതിന് കാരണം. അതുകൊണ്ട് തന്നെ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്.ചിത്രത്തിൻ്റെ ഷൂട്ടിം​ഗ് തുടങ്ങും മുമ്പ് ബറോസിന് ആശംസയുമായി ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ രംഗത്തെത്തിയിരുന്നു.

ട്വിറ്ററിലൂടെയാണ് അമിതാഭ് ബച്ചന്‍ മോഹന്‍ലാലിന് ആശംസകള്‍ അറിയിച്ചത്. ‘മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന് എല്ലാ വിജയങ്ങളും ഉയര്‍ച്ചകളും ഉണ്ടാവട്ടെ’, എന്നായിരുന്നു ബച്ചന്റെ ട്വീറ്റ്. ഇതിന് മോഹൻലാൽ മറുപടിയും നൽകി.

‘സര്‍, വളരെ നന്ദിയോടെ ഞാന്‍ താങ്കളുടെ സ്‌നേഹം നിറഞ്ഞ വാക്കുകള്‍ സ്വീകരിക്കുന്നു. ഹൃദയസ്പര്‍ശിയായ അങ്ങയുടെ വാക്കുകള്‍ ഞാന്‍ എന്നും കാത്ത് സൂക്ഷിക്കുന്ന അനുഗ്രഹമാണ്. അങ്ങെയോടുള്ള എന്റെ ബഹുമാനവും ആരാധനയും തുടര്‍ന്നുകൊണ്ടേ ഇരിക്കും. വളരെ നന്ദി’, എന്നാണ് മോഹൻലാൽ കുറിച്ചത്.

നടൻ സുരേഷ് ഗോപിയും മോഹൻലാലിന് ആശംസകൾ നേർന്നു. “അദ്ദേഹത്തിന് അഭിനയിക്കാൻ കഴിയും, പാടാൻ കഴിയും, ശരീരം നന്നായി ചലിപ്പിക്കാൻ കഴിയും, ഒപ്പം തന്റെ കഴിവിനെ സമ്പന്നമാക്കുന്നതിന് എന്ത് വേണമെങ്കിലും ചെയ്യാൻ കഴിയും! ഇന്ന്, അദ്ദേഹം ഒരു സംവിധായകനെന്ന നിലയിൽ ഒരു പുതിയ യാത്ര ആരംഭിക്കാൻ ഒരുങ്ങുകയാണ്. ഈ അതിശയകരമായ തുടക്കത്തിൽ, എന്റെ പ്രിയപ്പെട്ട ലാലിന് ഏറ്റവും മികച്ച വിജയം നേരുന്നു! ബറോസിന്റെ മുഴുവൻ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും എന്റെ സ്നേഹം,” സുരേഷ് ഗോപി കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button