നിക്ഷേപകരുടെ അക്കൗണ്ടില്‍നിന്ന്‌ 4.5 കോടി പിൻവലിച്ച് ഓഹരിയിൽ നിക്ഷേപിച്ചു; ബാങ്കുദ്യോഗസ്ഥ അറസ്റ്റിൽ

ജയ്പുര്‍: നിക്ഷേപകര്‍ അറിയാതെ അവരുടെ എഫ്ഡി (ഫിക്‌സഡ് ഡെപ്പോസിറ്റ്) പിന്‍വലിക്കുകയും ഓഹരിവിപണിയില്‍ നിക്ഷേപിച്ച് ലാഭമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ ബാങ്ക് ഉദ്യോഗസ്ഥ അറസ്റ്റില്‍. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. ഐസിഐസിഐ ബാങ്കിലെ റിലേഷന്‍ഷിപ്പ് മാനേജരായ സാക്ഷി ഗുപ്തയാണ് പിടിയിലായതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 41 ഉപഭോക്താക്കളുടെ 110 എഫ്ഡി അക്കൗണ്ടുകളില്‍നിന്നായി 4.58 കോടിരൂപയാണ് സാക്ഷി പിന്‍വലിച്ചത്. 2020 മുതല്‍ 2023 വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പ് നടന്നത്.

തട്ടിയെടുത്ത പണം സാക്ഷി ഓഹരിവിപണിയിലാണ് നിക്ഷേപിച്ചത്. എന്നാല്‍, വലിയ നഷ്ടം വന്നതിനെ തുടര്‍ന്ന് ഇവര്‍ക്ക് പണം അക്കൗണ്ടുകളിലേക്ക് തിരിച്ചുനിക്ഷേപിക്കാനായില്ല. ഇതിനിടെ തന്റെ എഫ്ഡിയെ കുറിച്ച് അന്വേഷിക്കാന്‍ ഒരു ഉപഭോക്താവ് ബാങ്കിലെത്തിയതോടെ സാക്ഷിയുടെ കള്ളത്തരം വെളിച്ചത്താവുകയായിരുന്നു.

ഫെബ്രുവരി പതിനെട്ടിനാണ് ബാങ്ക് പോലീസിന് പരാതി നല്‍കിയത്. അന്വേഷണത്തിന് പിന്നാലെ കഴിഞ്ഞദിവസം രാത്രി സഹോദരിയുടെ വിവാഹച്ചടങ്ങിനിടെയാണ് സാക്ഷിയെ പോലീസ് അറസ്റ്റ് ചെയ്തത്. നിലവില്‍ ഇവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്.

യൂസര്‍ എഫ്ഡി (ഫിക്‌സഡ് ഡെപ്പോസിറ്റ്) എന്ന ലിങ്ക് ദുരുപയോഗം ചെയ്താണ് സാക്ഷി അക്കൗണ്ടുകളില്‍നിന്ന് പണം പിന്‍വലിച്ചത്. തട്ടിപ്പ് പുറത്താകാതിരിക്കാന്‍ പലവിധ മുന്‍കരുതലുകളും സാക്ഷി സ്വീകരിച്ചിരുന്നു. അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിരുന്ന ഉപഭോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍ മാറ്റുകയും പകരം സ്വന്തം കുടുംബാംഗങ്ങളുടെ നമ്പറുകള്‍ ചേര്‍ക്കുകയും ചെയ്തു. പണം പിന്‍വലിക്കുമ്പോള്‍ അതിന്റെ സന്ദേശം അക്കൗണ്ട് ഉടമകള്‍ക്ക് ഫോണില്‍ ലഭിക്കാതിരിക്കാനായിരുന്നു ഇത്. മാത്രമല്ല, ഒടിപികള്‍ തനിക്ക് ലഭിക്കാനുള്ള സംവിധാനവും സാക്ഷി തയ്യാറാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News