കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ മന്ത്രി എ.സി. മൊയ്തീന്റെ 31 ലക്ഷം രൂപയുടെ ബാങ്ക് അക്കൗണ്ടുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) മരവിപ്പിച്ചു. ഇ.ഡി. റെയ്ഡിനിടെ മൊയ്തീൻ വെളിപ്പെടുത്താതിരുന്ന അക്കൗണ്ടുകളാണ് ഇ.ഡി. കണ്ടെത്തി മരവിപ്പിച്ചത്.
അതിനിടെ ബിനാമികളെന്ന് സംശയിക്കുന്ന മൂന്നുപേരെ കൊച്ചി ഇ.ഡി. ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യംചെയ്തു തുടങ്ങി. ചോദ്യംചെയ്യൽ രണ്ടു ദിവസത്തിനുള്ളിൽ പൂർത്തിയാക്കിയശേഷം ചോദ്യംചെയ്യലിന് ഹാജരാകാൻ മൊയ്തീന് നോട്ടീസ് നൽകും.
വടക്കാഞ്ചേരിയിലെ വീട്ടിൽ ചൊവ്വാഴ്ച രാവിലെ ഏഴുമുതൽ ബുധനാഴ്ച വെളുപ്പിനു അഞ്ചുവരെ നീണ്ട റെയ്ഡിനിടെ മൊയ്തീന്റെ ബാങ്ക് പാസ്ബുക്ക് ഇ.ഡി. സംഘം ആവശ്യപ്പെട്ടെങ്കിലും വീട്ടിലില്ലെന്നാണ് മൊഴി നൽകിയത്. അക്കൗണ്ടുകളെക്കുറിച്ച് കൃത്യമായ വിശദീകരണം നൽകാൻ മൊയ്തീനായില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നു.
റെയ്ഡിനിടെ മൊയ്തീന്റെ പ്രാഥമികമൊഴി ഇ.ഡി. രേഖപ്പെടുത്തിയിട്ടുണ്ട്. ഒട്ടേറെ സ്ഥിരനിക്ഷേപങ്ങളുണ്ടെങ്കിലും 31 ലക്ഷം രൂപയുടേതിന് വ്യക്തത നൽകാൻ മൊയ്തീന് കഴിഞ്ഞില്ല എന്നതിനാലാണ് ഈ അക്കൗണ്ടുകൾ മരവിപ്പിച്ചതെന്നാണ് ഇ.ഡി. പറയുന്നത്.
കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പുറമേ കുടുംബാംഗങ്ങളുടെയുൾപ്പെടെ സ്വത്ത്, ബാങ്ക് നിക്ഷേപങ്ങളിലും മൊയ്തീൻ വിശദീകരണം നൽകേണ്ടി വരും.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് പുറത്തുവന്നതിനെത്തുടർന്ന് നിക്ഷേപകർക്ക് പണം തിരികെ നൽകിയതിൽ രാഷ്ട്രീയ സ്വാധീനം ഉണ്ടായിട്ടുണ്ടെന്ന് ഇ.ഡി. കണ്ടെത്തി. വൻനിക്ഷേപങ്ങൾ ഉള്ളവർക്ക് പണം തിരികെ കിട്ടാൻ ഉന്നതരാഷ്ട്രീയ നേതാക്കൾ ഇടപെട്ടു. സാമ്പത്തികമായ പ്രയാസം നേരിടുന്നവർക്ക് നൽകാതെ ഇത്തരക്കാർക്ക് ആദ്യം പണം നൽകിയിട്ടുണ്ടെന്നും ഇ.ഡി. വെളിപ്പെടുത്തുന്നു.