KeralaNews

‘മോന്‍സണ്‍ അയല്‍വാസി, മറ്റ് ബന്ധങ്ങളില്ല’; ആരോപണങ്ങളില്‍ നടന്‍ ബാല

കൊച്ചി: മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ വിശദീകരണവുമായി നടന്‍ ബാല. മോന്‍സണ്‍ അയല്‍വാസിയാണെന്നും മറ്റ് ബന്ധങ്ങളില്ലെന്നും ബാല പറഞ്ഞു. താന്‍ വേട്ടയാടപ്പെടുകയാണ്. വിവാഹത്തിന് ശേഷം നിരവധി ആരോപണങ്ങള്‍ നേരിട്ടു. ധാരാളം ഫോണ്‍ കോളുകള്‍ വന്നു. ഒരു രീതിയിലും ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളതെന്നും ബാല പറഞ്ഞു.

മോന്‍സണ്‍ മാവുങ്കലിനെതിരായ പരാതി പിന്‍വലിപ്പിക്കാന്‍ നടന്‍ ബാല ഇടപെട്ടുവെന്ന വിവരം പുറത്തുവന്നിരുന്നു. മോന്‍സണിന്റെ മുന്‍ ഡ്രൈവര്‍ അജി നെട്ടൂര്‍ നല്‍കിയ പരാതി പിന്‍വലിപ്പിക്കാന്‍ ബാല ഇടപെട്ടെന്നായിരുന്നു വിവരം. അജിയും ബാലയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. തന്നെ ഒരു സഹോദരനായിട്ടാണ് കാണുന്നതെങ്കില്‍ മോന്‍സണിനെതിരായ പരാതി പിന്‍വലിക്കണമെന്ന് ബാല പറയുന്നുണ്ട്. അജിക്കെതിരായ കേസുകള്‍ ഒഴിവാക്കാന്‍ താന്‍ പറഞ്ഞിട്ടുണ്ടെന്നും സ്നേഹത്തോടെ മുന്നോട്ടു പോകണമെന്നും ബാല പറയുന്നത് കേള്‍ക്കാം.

പത്ത് വര്‍ഷക്കാലം മോന്‍സണ്‍ മാവുങ്കലിന്റെ ഡ്രൈവറായിരുന്നു അജി നെട്ടൂര്‍. ഇദ്ദേഹത്തിന്റെ സുഹൃത്തിനെ മോന്‍സണ്‍ തട്ടിപ്പിനിരയാക്കിയതോടെയാണ് ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തത്. തുടര്‍ന്ന് അജിയെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. പോലീസിന്റെ ഭാഗത്തു നിന്നുള്‍പ്പെടെ അജിക്ക് പീഡനമേല്‍ക്കേണ്ടി വന്നു. ഇതിന് പിന്നാലെ മോന്‍സണിനെതിരെ അജിയും പരാതി നല്‍കി.

അതേസമയം മോന്‍സണ്‍ മാവുങ്കലിന്റെ വീടുകള്‍ക്ക് പോലീസ് സുരക്ഷയൊരുക്കാന്‍ ഡിജിപിയായിരിക്കെ ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. ആലപ്പുഴ എസ്പിക്കും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കുമാണ് ലോക്‌നാഥ് ബെഹ്‌റ കത്ത് നല്‍കിയത്. 2019 ജൂണ്‍ 13ന് ഡിജിപി അയച്ച കത്തുകളുടെ പകര്‍പ്പ് പുറത്ത് വന്നിട്ടുണ്ട്. ചേര്‍ത്തലയിലെയും കൊച്ചിയിലെയും വീടുകള്‍ക്കുമാണ് പോലീസ് സുരക്ഷ ഒരുക്കിയത്.

അമൂല്യമായ പുരാവസ്തു ശേഖരമുള്ള മോന്‍സണ്‍ എഡിഷനെന്ന വീടിന് സുരക്ഷ ഒരുക്കാനാണ് ലോക്‌നാഥ് ബെഹ്‌റ കത്തില്‍ ആവശ്യപ്പെട്ടത്. നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കൊച്ചിയിലെ വീട്. ചേര്‍ത്തലയിലേക്കും സമാനമായ കത്ത് പോയി. സുരക്ഷ ഒരുക്കിയെന്ന് ചൂണ്ടിക്കാട്ടി അതത് ജില്ലകളില്‍ നിന്നും തിരിച്ചും ഡിജിപിക്ക് കത്തയച്ചു.

കഴിഞ്ഞ ദിവസം ബെഹ്‌റ മോന്‍സനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. പിന്നാലെയാണ് മോന്‍സന്റെ വീടിന് സുരക്ഷ ഒരുക്കാനും ബെഹ്‌റയാണ് നിര്‍ദേശം നല്‍കിയതെന്ന് വ്യക്തമാകുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button