കനയ്യ കുമാര്‍ സി.പി.ഐ ആസ്ഥാനത്തെ എ.സി അഴിച്ചുകൊണ്ടുപോയി

പാറ്റ്‌ന: സി.പി.ഐ വിട്ട് കോണ്‍ഗ്രസില്‍ ചേക്കേറാനൊരുങ്ങുന്ന കനയ്യ കുമാര്‍ സി.പി.ഐ സംസ്ഥാന സമിതി ആസ്ഥാനത്ത് സ്ഥാപിച്ചിരുന്ന എ.സി അഴിച്ചുകൊണ്ടു പോയെന്ന് വെളിപ്പെടുത്തല്‍. സി.പി.ഐ ബിഹാര്‍ സംസ്ഥാന സെക്രട്ടറി രാം നരേഷ് പാണ്ഡെയാണ് ഇക്കാര്യം അറിയിച്ചത്.

കനയ്യ കുമാര്‍ സ്വന്തം പണം മുടക്കി സ്ഥാപിച്ച എസിയാണെന്നും അത് കൊണ്ടുപോയതില്‍ അപാകതയില്ലെന്നും പാണ്ഡെ വ്യക്തമാക്കി. അതേസമയം, കനയ്യ കുമാറും ജിഗ്‌നേഷ് മേവാനിയും ചൊവ്വാഴ്ച കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭഗത് സിംഗിന്റെ ജന്മവാര്‍ഷിക ദിനമായ ചൊവ്വാഴ്ച വൈകുന്നേരം മൂന്നിന് എഐസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിലാണ് ഇരുവരുടെയും കോണ്‍ഗ്രസ് പ്രവേശനം. രാഹുല്‍ ഗാന്ധി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും എന്നാണ് റിപ്പോര്‍ട്ട്.

അടുത്ത പാര്‍ട്ടി കൗണ്‍സിലില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാനിരിക്കെയാണ് കനയ്യ കോണ്‍ഗ്രസില്‍ ചേരുന്നത്. ദളിത് നേതാവും ഗുജറാത്തിലെ വഡ്ഗാം മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയുമാണ് ജിഗ്‌നേഷ് മേവാനി. കോണ്‍ഗ്രസില്‍ അംഗത്വമെടുക്കുന്നതോടെ ജിഗ്‌നേഷിനെ ഗുജറാത്ത് പിസിസിയിലെ വര്‍ക്കിങ് പ്രസിഡന്റാക്കുമെന്നാണ് സൂചന. ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനത്തില്‍ ഇരുവര്‍ക്കും രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അംഗത്വം നല്‍കുമെന്ന് നേരത്തേ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ ഭഗത് സിങ്ങിന്റെ ജന്മവാര്‍ഷികമായ സെപ്റ്റംബര്‍ 28ന് അംഗത്വം സ്വീകരിക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News