തെലങ്കാന: ഫെബ്രുവരി 14ന് വാലന്റൈന്‍ ദിനാഘോഷങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്ന് തെലങ്കാന ബജ്‌റംഗ്ദള്‍. ഫെബ്രുവരി 14 പുല്‍വാമ ദിനമായി ആചരിക്കേണ്ടതാണെന്നും അന്ന് കമിതാക്കള്‍ തോന്ന്യാസം കാണിക്കരുതെന്നും ബജ്‌റംഗ്ദള്‍ തെലങ്കാന കണ്‍വീനര്‍ സുഭാഷ് ചന്ദര്‍ മുന്നറിയിപ്പ് നല്‍കി. പ്രണയത്തിന്റെ പേരില്‍ പാര്‍ക്കിലും പബിലും കറങ്ങി നടക്കുന്ന കമിതാക്കളെ തടയും. അവര്‍ ഇന്ത്യന്‍ സംസ്‌കാരത്തിനു കളങ്കം വരുത്തുകയാണ്. അങ്ങനെ ചെയ്യുന്നതു വഴി മാതാപിതാക്കള്‍ക്ക് നാണക്കേട് ഉണ്ടാക്കുന്നതിനൊപ്പം സ്വദേശി സംസ്‌കാരത്തെയും തകര്‍ക്കുകയാണ്. നമ്മുടെ സംസ്‌കാരത്തെപ്പറ്റി അവര്‍ മനസ്സിലാക്കണം. ഞങ്ങള്‍ അത് അവര്‍ക്ക് വിശദീകരിച്ചു നല്‍കുമെന്നും ബജ്‌റംഗ്ദള്‍ പറഞ്ഞു.
മള്‍ട്ടി നാഷണല്‍ കമ്പനികളാണ് വാലന്റൈന്‍സ് ഡേയെ പ്രോത്സാഹിപ്പിക്കുന്നത്. അവര്‍ അന്ന് യുവതീയുവാക്കള്‍ക്ക് പ്രത്യേക ഓഫറുകള്‍ നല്‍കി ഇന്ത്യന്‍ സംസ്‌കാരത്തെ തകര്‍ക്കുന്നു. മാളുകളുടെ ഉടമസ്ഥരും ഇവന്റ് മാനേജര്‍മാരും ഈ ദിനത്തെപ്പറ്റി യുവജനതയെ ഓര്‍മിപ്പിക്കുകയും ഓഫറുകള്‍ നല്‍കുകയും ചെയ്യുന്നുവെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. ബജ്‌റംഗ്ദള്‍ പ്രണയത്തിന് എതിരല്ലെന്നും വാലന്റൈസ് ഡേയ്ക്ക് മാത്രമാണ് എതിര്‍പ്പ് പ്രകടിപ്പിക്കുന്നതെന്നും അവര്‍ പറയുന്നു.