വാഷിംഗ്ടൺ:അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയത്തിന് ജനങ്ങളോട് നന്ദി പറഞ്ഞ് ജോ ബൈഡൻ.ജനങ്ങൾ തന്നിൽ അർപ്പിച്ച വിശ്വാസം കാക്കും.തനിക്ക് വോട്ടുചെയ്യാത്തവരടക്കം എല്ലാ അമേരിക്കക്കാരുടേയും പ്രസിഡന്റായിരിക്കുമെന്നും ബൈഡൻ പറഞ്ഞു.
അഞ്ച് ദിവസം ലോകത്തെയാകെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പ്രക്രിയക്ക് ശേഷമാണ് ജോസഫ് റോബിനെറ്റ് ബൈഡന് ജൂണിയര്‍ എന്ന ജോ ബൈഡന് (78) അമേരിക്കയുടെ പ്രസിഡന്റ് പദവിയിലേക്ക് എത്തുന്നത്.
പ്രധാനമന്ത്രി അഭിനന്ദിച്ചു
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായിരുന്ന ജോ ബൈഡനും,വൈസ് പ്രസിഡൻറ് സ്ഥാനാർത്ഥി കമല ഹാരിസിനും ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇന്ത്യ യുഎസ് ബന്ധം കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ വീണ്ടും ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തു.
ബൈഡനേയും കമലയേയും അഭിനന്ദിച്ച് സോണിയ ഗാന്ധി
അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനെയും വൈസ്പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിനെയും അഭിനന്ദിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.
ഇരുവരെയും അഭിനന്ദിക്കുന്നുവെന്ന് പറഞ്ഞ സോണിയ അമേരിക്കയ്ക്ക് ഇനിയുള്ളത് പക്വതയാർന്ന നേതൃത്വമാണെന്നും അഭിപ്രായപ്പെട്ടു.
ഇരുവരുടെയും വിജയം ഇന്ത്യ അമേരിക്ക ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും സോണിയ പറഞ്ഞു.
പരാജയം അംഗീകരിക്കാതെ ഡോണൾഡ് ട്രംപ്
ഏവർക്കും അറിയാം എന്തുകൊണ്ടാണ് ബൈഡൻ വിജയിച്ചതായി തിരക്കിട്ട് ഭാവിക്കുന്നതെന്ന്.എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ മാധ്യമ ചങ്ങാതികൾ അദ്ദേഹത്തെ സഹായിക്കാൻ കിണഞ്ഞു ശ്രമിക്കുന്നതെന്ന്. സത്യം പുറത്തെത്താൻ അവർ ആഗ്രഹിക്കുന്നില്ല. ഈ തിരഞ്ഞെടുപ്പ് ഇനിയും കഴിഞ്ഞിട്ടില്ല_ ട്രംപ് പറഞ്ഞു.
അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലത്തെ കോടതിയിൽ ചോദ്യം ചെയ്യുന്നതിനുള്ള നടപടികൾ അടുത്തയാഴ്ച ആരംഭിക്കുമെന്നും ട്രംപ് വ്യക്തമാക്കി.