അരവിന്ദ് കേജ്‍രിവാളിന് തിരിച്ചടി: കസ്റ്റഡിയിൽ തുടരും, കേസ് വീണ്ടും ഏപ്രിൽ 3 ന് പരിഗണിക്കും
ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കസ്റ്റഡിയിൽനിന്ന് അടിയന്തരമായി വിട്ടയയ്ക്കണം എന്നാവശ്യപ്പെട്ടു നൽകിയ ഹർജിയിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനു ഹൈക്കോടതിയിൽനിന്ന് ഇടക്കാലാശ്വാസം ലഭിച്ചില്ല. കേസ് വീണ്ടും ഏപ്രിൽ 3നു പരിഗണിക്കും. അന്നു തന്നെ തീരുമാനം ഉണ്ടാകുമെന്നും ജസ്റ്റിസ് സ്വർണകാന്ത ശർമയുടെ ഉത്തരവിൽ വ്യക്തമാക്കി.
ഇടക്കാലാശ്വാസം തേടി കേജ്‌രിവാൾ നൽകിയ ഹർജിയിൽ ഇഡിക്കു നോട്ടിസയച്ചു. ഇതിന് ഏപ്രിൽ 2നുള്ളിൽ ഇഡി മറുപടി നൽകണം. അതേസമയം, കേജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. ഉച്ചയ്ക്കു 2നു റൗസ് അവന്യൂ പിഎംഎൽഎ കോടതിയിൽ ഹാജരാക്കും.
അറസ്റ്റിനെതിരെ കേജ‌്‌രിവാൾ നൽകിയ ഹർജിയുടെ പകർപ്പ് തങ്ങൾക്കു നൽകിയില്ലെന്ന് ഇഡിക്കു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു പറഞ്ഞു. മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും ആവശ്യപ്പെട്ടു. 23നു കോടതിയിൽ നൽകിയ ഹർജിയുടെ പകർപ്പ് ഇന്നലെ മാത്രമാണു തങ്ങൾക്കു ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
വാദത്തിനിടെ ഇന്നലെ ഇഡിക്കെതിരെ കേജ്‌രിവാളിന്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചു. കേജ്‌രിവാളിനെ രാഷ്ട്രീയമായി ദുർബലപ്പെടുത്താനുള്ള നീക്കം മാത്രമാണിത്. കേസിൽ കുടുക്കാൻ പാളയത്തിലുള്ളവരെ തന്നെ ഒറ്റുകാരാക്കിയെന്നാണു സിങ്‌വി പറഞ്ഞത്. ചരിത്രത്തിലും ഇത്തരത്തിലുള്ള വഞ്ചകരുണ്ട്. അവർക്കു അവരുടെ കാര്യത്തിൽ മാത്രമാണ് ആശങ്കയുള്ളത്. അവരുടെ മൊഴികൾ വിശ്വാസയോഗ്യമല്ലെന്നും സിങ്‌വി വാദിച്ചു.
ഇതു ജനാധിപത്യം കൂടി ഉൾപ്പെട്ട കേസാണ്. നിയവിരുദ്ധമായ അറസ്റ്റ് ആണെങ്കിൽ ഒരു ദിവസം പോലും തടവിൽ കഴിയുന്നത് ന്യായീകരിക്കാനാകില്ല. കൂടുതൽ സമയം നീട്ടിച്ചോദിക്കുന്നതിലൂടെ ഇഡി അവരുടെ ഗൂഢോദ്ദേശ്യം വെളിപ്പെടുത്തുകയാണെന്നും സിങ്‌വി വാദിച്ചു.
കൂടുതൽ സമയം ആവശ്യപ്പെടുന്നതിലൂടെ ഇഡി മനഃപൂർവം കാലതാമസം വരുത്തുകയാണെന്നു സിങ്‌വി ആരോപിച്ചു. പിന്നീട് സിങ്‌വി കേജ്‌രിവാളിന്റെ അറസ്റ്റും ഇഡിയുടെ നടപടികളെയും രൂക്ഷമായി വിമർശിച്ചു.
തെരഞ്ഞെടുപ്പു കപ്പിനും ചുണ്ടിനുമിടയിൽ നിൽക്കുന്ന സമയത്താണ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. ഇതിന്റെ ഉദ്ദേശ ലക്ഷ്യം എന്താണെന്നു വ്യക്തമാണ്. തിരഞ്ഞെടുപ്പു പ്രചാരണം നടത്തുന്നതിൽ നിന്നു മാറ്റിനിർത്താൻ വേണ്ടി കരുതിക്കൂട്ടി നടത്തിയ അറസ്റ്റാണിത്. അധികാരത്തിലിരിക്കുന്ന ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാനൊക്കെ സാധിക്കും. പക്ഷേ, അറസ്റ്റ് നടന്ന സമയമാണ് ചോദ്യം ചെയ്യുന്നതെന്നും സിങ്‌വി പറഞ്ഞു
കേജ്‌രിവാളിനെ 3 ആഴ്ച കസ്റ്റഡിയിൽ വേണമെന്ന ഇ.ഡിയുടെ ആവശ്യം എന്ത് അടിസ്ഥാനത്തിലാണ്? ഒരു ദിവസം തടവിലിടുന്നതു തന്നെ മൗലികാവകാശ ലംഘനമാണ്. ഇക്കാര്യത്തിൽ ഇ.ഡിക്ക് എന്തു മറുപടിയാണു നൽകാനുള്ളതെന്നും സിങ്‌വി ചോദിച്ച
കള്ളപ്പണം വെളുപ്പിക്കുന്നതു തടയാനുള്ള നിയമത്തിന്റെ ഒരു വ്യവസ്ഥകൾ അനുസരിച്ചും അറസ്റ്റ് ചെയ്യാനുള്ള ഒരു സാഹചര്യവും കേജ്‌രിവാളിന്റെ കാര്യത്തിലില്ല. കള്ളപ്പണം കൈവശം വയ്ക്കുകയോ കുറ്റം ചെയ്തതിനു വിശ്വാസ്യതയുള്ള തെളിവുകൾ ലഭിക്കുകയോ കുറ്റം തെളിയിക്കുകയോ ചെയ്താൽ മാത്രമേ അറസ്റ്റ് സാധ്യമാകൂ. എന്നാൽ, കേജ്‌രിവാളിന്റെ കാര്യത്തിൽ ഇതൊന്നും തന്നെ നടന്നിട്ടില്ലെന്നും സിങ്‌വി ചൂണ്ടിക്കാട്ടി.
ഇ.ഡിയുടെ അന്വേഷണത്തോടു സഹകരിക്കുന്നില്ല എന്ന വാദവും അടിസ്ഥാനമില്ലാത്തതാണ്. ഒരു കാര്യം ചോദിക്കുമ്പോൾ അറിയില്ല എന്നോ ഓർമയില്ല എന്നോ പറയുന്നതു കൊണ്ടു മാത്രം അറസ്റ്റ് ചെയ്യാമെന്ന് ഏത് നിയമമാണ് വ്യവസ്ഥ ചെയ്യുന്നതെന്ന് സിങ്‌വി ചോദിച്ചു
കേസിൽ പ്രതി ചേർത്തിട്ടുള്ളവരുടെ മൊഴികളിലൊന്നും തന്നെ കേജ്‌രിവാളിനെതിരായ പരാമർശങ്ങളില്ല. ഒൻപതു തവണ സഞ്ജയ് സിങ്ങിന്റെ മൊഴിയെടുത്തു. അതിലൊരിടത്തും മുഖ്യമന്ത്രിയുടെ പേര് പരാമർശിക്കുന്നില്ലെന്ന് സിങ്‌വി ചൂണ്ടിക്കാട്ടി.