26.7 C
Kottayam
Monday, May 6, 2024

ആരാദ്യം ഇറങ്ങും…ചന്ദ്രനിലേക്ക് റഷ്യയുടെ പേടകവും; ചന്ദ്രയാൻ ഇറങ്ങുന്ന അതേ ദിവസമെത്തും

Must read

മോസ്‌കോ: 50 വര്‍ഷത്തിനിടെ റഷ്യയുടെ ആദ്യ ചാന്ദ്ര ദൗത്യവും ആദ്യ ഘട്ടം വിജയകരമായി പിന്നിട്ടു. ബഹിരാകാശ പേടകം വെള്ളിയാഴ്ച വിക്ഷേപിച്ചു.. ലൂണ-25 ദൗത്യം ഓഗസ്റ്റ് 23-ന് ചന്ദ്രനിലെത്തുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ മൂന്ന് പേടകവും അതേ ദിവസംതന്നെയാണ് ചന്ദ്രനിലിറങ്ങുക.

മോസ്‌കോ സമയം അര്‍ധരാത്രി രണ്ടുമണിയോടെ വോസ്‌റ്റോഷ്‌നി കോസ്‌മോഡ്രോമില്‍നിന്നാണ് ലൂണ-25 വിക്ഷേപിച്ചത്.. പേടകം അഞ്ചുദിവസംകൊണ്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തും. തുടര്‍ന്ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്നതിന് മുന്‍പ് ശരിയായ സ്ഥലം തിരഞ്ഞെടുക്കുന്നതിനായി മൂന്നുമുതല്‍ ഏഴുദിവസംവരെ ചെലവഴിക്കും.

1976-നുശേഷം റഷ്യ ഇതാദ്യമായാണ് ചാന്ദ്രദൗത്യം നടത്തുന്നത്‌. 1976-ല്‍ പഴയ സോവിയറ്റ് യൂണിയനായിരുന്നപ്പോഴാണ്‌ ചാന്ദ്രദൗത്യം നടത്തിയത്. ഇതിനുമുന്‍പ് മൂന്ന് രാജ്യങ്ങള്‍ മാത്രമാണ് ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. സോവിയറ്റ് യൂണിയന്‍, യു.എസ്., ചൈന എന്നീ രാജ്യങ്ങളാണവ. നിലവില്‍ ഇന്ത്യയുടെയും റഷ്യയുടെയും പേടകങ്ങള്‍ ചാന്ദ്രപാതയിലാണ്. ഇവയില്‍ ഏത് രാജ്യത്തിന്റെ പേടകമാണ് ചന്ദ്രനില്‍ ആദ്യമെത്തുക എന്ന കൗതുകത്തിലാണ് ശാസ്ത്രലോകം.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് ജൂലായ് 14-നാണ് ചാന്ദ്രയാന്‍ മൂന്ന് പേടകം വിക്ഷേപിച്ചത്. ഇന്ത്യയുടെ ചാന്ദ്രദൗത്യം പൂര്‍ത്തിയാകുന്നതിന്റെ മുന്‍പ് ചന്ദ്രനിലെത്താനുള്ള നീക്കത്തിലാണ് റഷ്യ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week