KeralaNews

അമ്മയുടെ കൈയിൽനിന്ന് കുഞ്ഞ് പുഴയിൽവീണു; തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല

ഏലംകുളം: റെയിൽവേ പാലത്തിനു മുകളിൽനിന്ന അമ്മയുടെ കൈയിൽനിന്ന് കൈക്കുഞ്ഞിനെ പുഴയിൽ വീണ് കാണാതായി. പതിനൊന്നുദിവസം പ്രായമുള്ള പെൺകുഞ്ഞിനായുള്ള തിരച്ചിൽ തുടരുകയാണ്. മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സതേടുന്ന പാലത്തോൾ സ്വദേശിയായ 35-കാരിയുടെ കൈയിൽനിന്നാണ് കുഞ്ഞ് തൂതപ്പുഴയിലേക്ക് വീണത്. തീവണ്ടി കടന്നുപോയപ്പോഴുണ്ടായ വിറയലിൽ കുഞ്ഞിനെ നഷ്ടമായെന്നാണ് അമ്മ പറയുന്നത്.

ഏലംകുളം മുതുകുർശി മപ്പാട്ടുകര പാലത്തിൽ ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. പാലത്തിന് അരക്കിലോമീറ്ററോളം അകലെയുള്ള വീട്ടിൽനിന്ന് രാത്രി ഒൻപതോടെ യുവതിയെയും കുഞ്ഞിനെയും കാണാതായി. വീട്ടുകാർ അന്വേഷിക്കുന്നതിനിടെ യുവതി ഒറ്റയ്ക്ക് തിരിച്ചെത്തി. കുഞ്ഞെവിടെയെന്ന് വീട്ടുകാർ ചോദിച്ചപ്പോളാണ് പുഴയിൽ വീണ കാര്യം പറഞ്ഞത്.

റെയിൽപ്പാലത്തിന്‌ മുകളിൽ നിൽക്കുമ്പോൾ തീവണ്ടി വരുന്നതുകണ്ട് പാലത്തിലെ സുരക്ഷിത കവചത്തിലേക്ക് (ട്രോളിക്കൂട്) മാറി. തീവണ്ടി കടന്നുപോയപ്പോളുണ്ടായ വിറയലിൽ കുഞ്ഞ് കൈയിൽനിന്നു തെറിച്ച് പുഴയിലേക്ക് വീണെന്ന് യുവതി പറഞ്ഞതായി ബന്ധുക്കൾ പോലീസിൽ മൊഴി നൽകി.

നിലമ്പൂരിൽനിന്നും ഷൊർണൂർ ഭാഗത്തേക്ക് ഇതുവഴി ഗുഡ്‌സ് തീവണ്ടി കടന്നുപോയിരുന്നു. വീട്ടുകാരും നാട്ടുകാരും രാത്രിതന്നെ പുഴയിൽ തിരച്ചിലാരംഭിച്ചു. പെരിന്തൽമണ്ണ അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരുംചേർന്ന് ബുധനാഴ്ച വൈകിയും തിരച്ചിൽ തുടരുകയാണ്.

ഇൻസ്പെക്ടർ സുനിൽ പുളിക്കൽ, എസ്.ഐ. സി.കെ. നൗഷാദ്, അഗ്നിരക്ഷാസേന പെരിന്തൽമണ്ണ നിലയം ഓഫീസർ സി. ബാബുരാജൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ. പുഴയിൽ നല്ല ഒഴുക്കുണ്ട്. യുവതിയുടെ ഭർത്താവ് ചാവക്കാട് സ്വദേശി വിദേശത്താണ്. ഇവർക്ക് ആറ്‌ വയസുള്ള മകനുമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button