വില്ലാനായും, ഹാസ്യതാരമായും ഒരേപോലെ മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് ബാബുരാജ്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രം ‘ജോജി’യില്‍ ജോമോന്‍ ആയെത്തിയ ബാബുരാജിനെ കുറിച്ച് മികച്ച അഭിപ്രായമാണ് ലഭിച്ചത്.
ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ 85 ദിവസത്തെ ജയില്‍ ജീവിതത്തെ കുറിച്ചും ഏറെക്കാലത്തിന് ശേഷം തന്നെ ജയിലില്‍ അടച്ച ജഡ്ജിയെ കണ്ട അനുഭവവും, സുന്ദരിയായ ഒരു കോളജ് ലക്ചററെ താന്‍ ചുംബിച്ചതായി പ്രചരിച്ചിരുന്ന ഒരു കഥയെ കുറിച്ചും തുറന്നു പറയുകയാണ് ബാബുരാജ്.
”എനിക്കു വേണ്ടി ഒരിക്കലും ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല. രാഷ്ട്രീയം ജീവിതത്തെ ഇത്ര ബാധിക്കും എന്നറിയാതെയാണ് കോളജ് കാലത്തു രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. നിരവധി രാഷ്ട്രീയ കേസുകളില്‍ പെട്ടിരുന്നു. എന്നാല്‍ ജയിലില്‍ അടച്ച കേസില്‍ മരിച്ചയാളെ ഞാന്‍ കണ്ടിട്ടുപോലുമില്ലായിരുന്നു. മരിച്ചയാള്‍ ഒരു തിയേറ്ററിലെ ജീവനക്കാരനായിരുന്നു. രാഷ്ട്രീയമാനം ഉള്ളതിനാല്‍ എന്നെ അതില്‍ പെടുത്താന്‍ എളുപ്പമായിരുന്നു. 85 ദിവസം ജയില്‍ ജീവിതം അനുഭവിച്ച ശേഷമാണ് കോടതി വെറുതേ വിട്ടത്.
വര്‍ഷങ്ങള്‍ ശേഷം ‘അമ്മ’ സംഘടനയുടെ ആവശ്യത്തിനായി വനിതാ കമ്മിഷന്‍ ജഡ്ജിയെ കണ്ടു. എന്നെ ശിക്ഷിച്ച ജസ്റ്റിസ് ഹേമ ലെസ്ലി ആയിരുന്നു അത്. അന്നു ഞാന്‍ ചോദിച്ചു ‘എന്തിനാണ് മാഡം, അന്നെന്നെ ശിക്ഷിച്ചത്…?’ ‘സാഹചര്യം പ്രതികൂലം ആയിരുന്നു.’ എന്നായിരുന്നു അവരുടെ മറുപടി. ‘പഠിക്കാന്‍ മിടുക്കന്‍ ആയിരുന്നല്ലോ, പ്രാക്റ്റീസ് വിട്ടത് എന്തിനാണ്’ എന്നും ചോദിച്ചു. ഏഴു വര്‍ഷത്തോളം ഞാന്‍ ഹൈക്കോടതിയില്‍ ടിവി പ്രഭാകരന്‍ സാറിനൊപ്പം വക്കീല്‍ പ്രാക്റ്റീസ് ചെയ്തിരുന്നു.” ബാബുരാജ് പറയുന്നു.
കോളജ് കാലത്തു മാത്രം ആണ് കുരുത്തക്കേട് കാട്ടിയതെങ്കിലും ഇപ്പോഴും കഥകള്‍ക്ക് ഒരു കുറവും ഇല്ല. സുന്ദരിയായ ഒരു കോളജ് ലക്ചററെ താന്‍ ചുംബിച്ചതായി ഒരു കഥയുണ്ട്. സത്യത്തിലിത് ഷാജി കൈലാസിന്റെ സിനിമയില്‍ ഞാന്‍ അവതരിപ്പിച്ച ഒരു സീനായിരുന്നെന്ന് ബാബുരാജ് കൂട്ടിച്ചേര്‍ത്തു.