FeaturedKeralaNews

ബാബുവിനെ ആശുപത്രിയിലെത്തിച്ചു; പരിശോധനയ്ക്കായി വിദഗ്ധ ഡോക്ടര്‍മാര്‍

പാലക്കാട്: മലമ്പുഴയിലെ ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിനെ ഹെലികോപ്റ്റര്‍ മാര്‍ഗം കഞ്ചിക്കോട് ഹെലിപ്പാഡിലെത്തിച്ചു. തുടര്‍ ചികിത്സയ്ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വിദ്ഗധഡോക്ടര്‍മാര്‍ ബാബുവിനെ പരിശോധന നടത്തും. ഐസിയു അടക്കമുള്ള സംവിധാനാങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ബാബുവിനെ പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കാനാണ് സുലൂരില്‍ നിന്ന് സൈനിക ഹെലികോപ്ടര്‍ എത്തിച്ചത്. ആശുപത്രിയില്‍ പരിശോധനയ്ക്ക് ശേഷം മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ലെങ്കില്‍ ബാബുവിനെ വീട്ടുകാര്‍ക്കൊപ്പം അയക്കും. വെള്ളം കുടിച്ചതിന് പിന്നാലെ ബാബു രക്തം ഛര്‍ദിച്ചിരുന്നു. എത്രയും പെട്ടെന്ന് ബാബുവിനെ രക്ഷിക്കാനായി ഹെലികോപ്റ്റര്‍ എത്തിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

ബാബുവിനെ മലമുകളിലെത്തിച്ച ശേഷം പ്രാഥമിക ചികിത്സയും വെള്ളവും ഭക്ഷണവും നല്‍കിയതാണ്. പക്ഷേ വെള്ളം കുടിച്ചതിന് പിന്നാലെ ബാബു രക്തം ഛര്‍ദിച്ചത് ആശങ്ക ജനിപ്പിക്കുന്നുണ്ട്.അതേസമയം, നിര്‍ജലീകരണം കാരണമാവാം ബാബു രക്തം ഛര്‍ദ്ദിച്ചതെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ വിശദീകരണം. ആശങ്കയുടെ സാഹചര്യമില്ലെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.

45 മണിക്കൂറോളമാണ് ബാബു മലമുകളില്‍ കുടുങ്ങിക്കിടന്നത്. ഇന്ന് രാവിലെ 11 മണിയോടെ ബാബുവിനെ കരസേന രക്ഷപ്പെടുത്തി. ബാബുവിനെ തന്റെ ശരീരത്തോട് സുരക്ഷാ റോപ്പുപയോഗിച്ച് ബന്ധിച്ച് മലമുകളിലെ സുരക്ഷിത സ്ഥാനത്തെത്തിക്കുകയായിരുന്നു ബാല എന്ന സൈനികന്‍. അവസാന ഘട്ടത്തില്‍ ഇവര്‍ക്കൊപ്പം ഒരു സൈനികന്‍ കൂടി ചേര്‍ന്നിരുന്നു.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ രക്ഷാദൗത്യമാണ് കഴിഞ്ഞ രണ്ട് ദിവസമായി കേരളം കണ്ടുകൊണ്ടിരിക്കുന്നത്. ചെങ്കുത്തായ മലനിരകളിലേക്ക് കടക്കുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തിനായി ഇന്ത്യന്‍ ആര്‍മിയും സംസ്ഥാന പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ഒരുമിക്കുകയായിരുന്നു. ആയിരം അടി ഉയരമുള്ള മലയുടെ 600 അടിയോളം ഉയരമുള്ള പൊത്തില്‍ കുടുങ്ങിക്കിടക്കുന്ന ആളെ രക്ഷപ്പെടുത്തുന്നത് കേരളത്തിലെ ആദ്യത്തെ സംഭവമാണ്.

ഭൂമിശാസ്ത്രപരമായ പ്രശ്നങ്ങള്‍, രാത്രിയില്‍ തീരെ വെളിച്ചമില്ലാത്ത അവസ്ഥ, വന്യമൃഗങ്ങളുടെ സാന്നിധ്യം എന്നിങ്ങനെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഓരോ വളവുകളിലും മടക്കുകളിലും ദൗത്യത്തിന് നേരിടാന്‍ പ്രതിസന്ധികളേറെയായിരുന്നു. വെള്ളമോ ഭക്ഷണമോ നല്‍കാന്‍ യന്ത്രങ്ങള്‍ക്ക് പോലും എത്തിപ്പെടാന്‍ സാധിക്കാത്ത വിധത്തില്‍ ഏറെ പ്രയാസകരമായിരുന്നു ദൗത്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button