KeralaNews

രാത്രിയില്‍ ബാബു ഇരുപതടിയോളം താഴ്ചയിലേക്ക് വീണ്ടും വീണു; മറ്റൊരു പാറയിടുക്കില്‍ ഉടക്കി നിന്നത് രക്ഷയായി

പാലക്കാട്: മലമ്പുഴയില്‍ പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തിയതിന് പിന്നാലെ ചര്‍ച്ച കൊഴുക്കുകയാണ്. സൈന്യത്തെ നേരത്തെ വിളിക്കേണ്ടതായിരുന്നു എന്നാണ് ഒരു വിഭാഗത്തിന്റെ വാദം. അതിനിടെ രാത്രിയിലെ ഒരു വീഴ്ചയെ കൂടി തരണം ചെയ്താണ് ബാബു ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. പാറയിടുക്കില്‍ കുടുങ്ങി 34 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ബാബു ഇരുപതടിയോളം താഴ്ചയിലേക്ക് വീണ്ടും വീണു പോയിരുന്നു.

ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ആയിരുന്നു സംഭവം. മസില്‍ കയറിയതിനെത്തുടര്‍ന്നു കാല്‍ ഉയര്‍ത്തിവയ്ക്കാന്‍ ശ്രമിച്ചപ്പോഴാണു വഴുതി വീണത്. കാല്‍ മറ്റൊരു പാറയിടുക്കില്‍ ഉടക്കി നിന്നതാണ് രക്ഷയായത്. ഇന്നലെ രാവിലെയോടെയാണ് 43 മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ ബാബുവിനെ രക്ഷപ്പെടുത്തിയത്. ഊട്ടി വെല്ലിങ്ടണ്ണിലെ സൈനികനായ ബി ബാലകൃഷ്ണ്ന്‍ കയറ് കെട്ടി ഇറങ്ങി ബാബുവിനെ മുകളിലേക്ക് കൊണ്ടുവരികയായിരുന്നു.

രക്ഷാപ്രവര്‍ത്തനം നടത്തിയവരെയും രണ്ട് ദിവസം വെള്ളവും ഭക്ഷണവുമില്ലാതെ കാലാവസ്ഥയെ മല്ലിട്ട് അതിജീവിച്ച ബാബുവിന്റെ ആത്മധൈര്യത്തെയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. അതിനൊപ്പം തന്നെ രക്ഷാപ്രവര്‍ത്തനത്തില്‍ കാലതാമസം നേരിട്ടു എന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. ആദ്യം തന്നെ സൈന്യത്തെയാണ് വിവരം അറിയിക്കേണ്ടിയിരുന്നത് എന്നാണ് അവരുടെ വാദം. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാബു ആരോഗ്യനില വീണ്ടെടുക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button