സുകുമാരക്കുറുപ്പ് സന്യാസി വേഷത്തില്‍ രാജസ്ഥാനില്‍! അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച്

പത്തനംതിട്ട: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ രാജസ്ഥാനില്‍ സന്യാസി വേഷത്തില്‍ കണ്ടെന്ന വെട്ടിപ്രം സ്വദേശിയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച്. പത്തനംതിട്ടയിലെ ബെവ്‌റിജസ് ഷോപ് മാനേജരായ റെന്‍സിം ഇസ്മായിലാണ് സുകുമാരക്കുറുപ്പിനെ സന്യാസി വേഷത്തില്‍ കണ്ടതായി മൊഴി നല്‍കിയത്. റെന്‍സിം നല്‍കിയ വിവരങ്ങള്‍ വിശകലനം ചെയ്ത ശേഷം ആവശ്യമെങ്കില്‍ പോലീസ് രാജസ്ഥാനിലേക്ക് പോകും.

2007ല്‍ സ്‌കൂള്‍ അധ്യാപകനായി രാജസ്ഥാന്‍ ഈഡന്‍ സദാപുരയില്‍ ജോലി ചെയ്യുമ്പോള്‍ കണ്ടുമുട്ടിയ സന്യാസി സുകുമാരക്കുറുപ്പാണെന്നു സംശയിക്കുന്നതായാണ് റെന്‍സിമിന്റെ മൊഴി. ഈഡന്‍ സദാപുരം ആശ്രമത്തിലാണ് അദ്ദേഹം താമസിച്ചിരുന്നത്. ഹിന്ദി, ഇംഗ്ലിഷ്, സംസ്‌കൃതം, തമിഴ്, അറബി, മലയാളം ഭാഷകള്‍ അറിയാം. കാവി മുണ്ടും ജൂബ്ബയും വേഷം ധരിച്ച് താടിനീട്ടി വളര്‍ത്തിയ ലുക്കിലായിരുന്നു.

കുമാരക്കുറുപ്പിന്റെ ഫോട്ടോ കാണിച്ചപ്പോള്‍ മലയാളി സ്വാമിയെ പോലെ ഉണ്ടെന്ന് മഠാധിപതി സംശയം പറഞ്ഞു. ഇക്കാര്യം അന്ന് ആലപ്പുഴ പൊലീസിനെ അറിയിച്ചെങ്കിലും പക്ഷേ നടപടിയുണ്ടായില്ല. കഴിഞ്ഞ ഡിസംബറില്‍ ഹരിദ്വാറിലെ യാത്രാ വിവരങ്ങള്‍ ഉള്ള വിഡിയോ കണ്ടപ്പോള്‍ ഇതേ സന്യാസിയെ വീണ്ടു കണ്ടു. ഇതോടെയാണ് ഇക്കാര്യം വിവരിച്ച് ജനുവരി അഞ്ചിന് റെന്‍സിം മുഖ്യമന്ത്രിക്ക് കത്ത് അയച്ചത്. ആലപ്പുഴയില്‍നിന്നുള്ള ക്രൈംബ്രാഞ്ച് സിഐ ന്യുമാന്റെ നേതൃത്വത്തിലാണ് പൊലീസ് സംഘം കഴിഞ്ഞ ദിവസമെത്തി റെന്‍സിമിന്റെ മൊഴി എടുത്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News