ലക്‌നൗ: അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ലക്‌നൗവിലെ പ്രത്യേക കോടതി ബുധനാഴ്ച വിധി പറയും. മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ. അഡ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, കല്യാണ്‍ സിംഗ് തുടങ്ങിയവര്‍ കേസില്‍ പ്രതികളാണ്.
കേസിലെ 32 പ്രതികളോടും കോടതിയില്‍ ഹാജരാകാന്‍ സിബിഐ കോടതി ജഡ്ജി എസ്.കെ. യാദവ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പ്രായാധിക്യവും കൊവിഡ് പശ്ചാത്തലവും കണക്കിലെടുത്ത് അഡ്വാനിയടക്കമുള്ളവര്‍ ഹാജരാകില്ലെന്നാണു സൂചന.
വിധി പറയുന്നതു കണക്കിലെടുത്ത് കോടതിയുടെ പരിസരത്തും അയോധ്യയിലും സുരക്ഷ ശക്തമാക്കി. അയോധ്യയില്‍ രാമജന്‍മഭൂമി പരിസരത്തും കൂടുതല്‍ പോലീസിനെയും അര്‍ധസൈനികരെയും വിന്യസിച്ചു. 32 പ്രതികളില്‍ 25 പേര്‍ക്കും വേണ്ടി ഹാജരാകുന്നത് കെ.കെ. മിശ്രയാണ്. ലളിത് സിംഗാണ് സിബിഐ അഭിഭാഷകന്‍.