KeralaNews

പ്രതിക്കെതിരായ തെളിവ് പ്രതി തന്നെ നല്‍കണമെന്ന് പറഞ്ഞാല്‍ പിന്നെ പോലീസ് എന്തിനാണ്?; ബി എ ആളൂരിന് പറയാനുള്ളത്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അസാധാരണമായ നീക്കത്തിലേക്ക് ആണ് പ്രോസിക്യൂഷന്‍ നീങ്ങുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ ദിലീപ് മുന്‍കൂര്‍ ജ്യാമ്യത്തിന് അര്‍ഹനല്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിക്കുമ്പോഴും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഡാലോചന നടത്തി എന്ന് തെളിയിക്കുന്ന രേഖകളൊന്നും പ്രോസിക്യൂഷന്റെ പക്കലുമില്ല. ഫോണ്‍ നല്‍കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം ദിലീപ് എതിര്‍ക്കുകയാണ്. എന്നാല്‍, സ്വകാര്യതയിലേക്ക് കടന്നുകയറ്റമാണെന്നും ഫോണ്‍ നല്‍കാന്‍ ആകില്ലെന്നുമാണ് ദിലീപ് പറയുന്നത്. അന്വേഷണ സംഘാതത്തില്‍ വിശ്വാസമില്ലെന്നും ഫോണ്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നുമാണ് ദിലീപ് പറയുന്നത്.

ഇതുവരെ കണ്ടെടുക്കാനാത്ത ഡിവൈസുകളും തെളിവുകളും പ്രതി തന്നെ നല്‍കണമെന്ന വിചിത്ര വാദമാണ് പ്രോസിക്യൂഷന്‍ ഉന്നയിക്കുന്നത്. എത്ര വാശി പിടിച്ചാലും ഫോണ്‍ നല്‍കാനാകില്ല എന്ന നിലപാടില്‍ കോടതിയില്‍ പോലും ദിലീപ് അടിവരയിടുമ്പോള്‍ പലര്‍ക്കും ഉണ്ടാകുന്ന സംശയമാണ്, ഫോണ്‍ നല്‍കാനാകില്ലെന്ന് പ്രതിക്ക് പറയാനുള്ള അവകാശമുണ്ടോ എന്നത്. ഫോണ്‍ കൈവശം വെയ്ക്കാന്‍ ദിലീപിന് അവകാശമില്ല എന്നാണ് പ്രോസിക്യൂഷന്‍ വാദിക്കുന്നത്. ഇതിലെ നിയമസാധ്യതകളെ കുറിച്ച് വിശദീകരിക്കുകയാണ് അഭിഭാഷകന്‍ ബി എ ആളൂര്‍.

ഒരു കേസുമായി ബന്ധപ്പെട്ട് പ്രതിക്ക് രണ്ട് അവകാശമുണ്ടെന്ന് അദ്ദേഹം പറയുന്നു. മൗനം പാലിച്ച് കൊണ്ട് യാതൊരു മൊഴിയും കൊടുക്കാതിരിക്കാം, അതുപോലെ പരാതിയ്ക്ക് എതിരായ തെളിവുകള്‍ പ്രതിക്ക് കൊടുക്കാതിരിക്കാം എന്നിവയാണ് പ്രധാനപ്പെട്ട രണ്ട് കാര്യങ്ങള്‍. തനിക്കെതിരായ തെളിവുകള്‍ അന്വേഷിച്ച് കണ്ടെത്തുക എന്നതാണ് പ്രോസിക്യൂഷന്റെ ആവശ്യമെങ്കില്‍ പിന്നെ പോലീസ് എന്ന അന്വേഷണ സംവിധാനം എന്തിനാണെന്ന ദിലീപിന്റെ ചോദ്യം പ്രസക്തമാണെന്നും ആളൂര്‍ ചൂണ്ടിക്കാട്ടുന്നു. ജാമ്യം നിഷേധിക്കാത്തിടത്തോളം കാലം പൊലീസിന് ഇത്തരം തെളിവുകളോ രേഖകളോ പ്രതിയില്‍ നിന്നും കൈക്കലാക്കാന്‍ കഴിയില്ല. നിലവില്‍ പോലീസ് പ്രതിയില്‍ ഊന്നിയുള്ള അന്വേഷണമാണ് നടത്തുന്നതെന്നും അതില്‍ കാര്യമില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.

‘പ്രോസിക്യൂഷന് വേണ്ട തെളിവുകള്‍ പ്രോസിക്യൂഷന്‍ തന്നെയാണ് കണ്ടെത്തേണ്ടത്. പ്രതിയെ കസ്റ്റഡിയില്‍ എടുക്കേണ്ടതുണ്ട്, അതുകൊണ്ട് ജാമ്യം തള്ളണം എന്ന പോലീസിന്റെ വാദം വെറും ബാലിശമാണ്. നുണപരിശോധനയ്ക്ക് തയ്യാറല്ലെന്ന് പ്രതി പറഞ്ഞാല്‍ ഒരു കോടതിക്കും അയാളെ നിര്‍ബന്ധിക്കാന്‍ കഴിയില്ല. അതുപോലെ തന്നെയാണ് ഇക്കാര്യവും. മൊബൈല്‍ ഫോണ്‍ കൈമാറണമെന്ന് കോടതിക്ക് ആവശ്യപ്പെടാന്‍ കഴിയില്ല, അങ്ങനെ ഉണ്ടായാല്‍ ഈ അന്വേഷണത്തില്‍ കോടതിയുടെ നേരിട്ടുള്ള ഇടപെടല്‍ ആയി മാറും. ഒരു കേസിലും നേരിട്ട് ഇടപെടാനുള്ള അധികാരം കോടതികള്‍ക്ക് ഇല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്’, ആളൂര്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി.

താന്‍ എന്തോ മറയ്ക്കാന്‍ ശ്രമിക്കുന്നുവെന്നു വരുത്തിത്തീര്‍ക്കാനാണ് പ്രോസിക്യൂഷന്‍ ശ്രമിക്കുന്നതെന്നും ഫോണ്‍ ഹാജരാക്കാന്‍ നോട്ടിസ് നല്‍കിയത് ചോദ്യം ചെയ്യലിന്റെ അവസാന ദിവസമാണെന്നും ദിലീപ് കഴിഞ്ഞ ദിവസം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതുതന്നെയാണ് ദിലീപ് ഇന്നും ആവര്‍ത്തിക്കുന്നത്. കൂടാതെ, തന്റെ മുന്‍ഭാര്യ മഞ്ജുവാര്യരുമായും കുടുംബാംഗങ്ങളുമായും അഭിഭാഷകരുമായിട്ടുള്ള സ്വകാര്യസംഭാഷണങ്ങള്‍ ആ ഫോണിലുണ്ടെന്നും അത് അന്വേഷണസംഘം ദുരുപയോഗം ചെയ്താല്‍ അത് തന്റെ സ്വകാര്യതയെ ബാധിക്കുമെന്നും ദിലീപ് കോടതിയെ അറിയിച്ചു.

ദിലീപിന്റെ വസതിയില്‍ നിന്ന് അന്വേഷണസംഘം പിടിച്ചെടുത്ത ഫോണുകള്‍ പുതിയ ഫോണുകളാണ്. 2022 ജനുവരിയില്‍ മാത്രമാണ് ആ ഫോണുകള്‍ ദിലീപും സഹോദരന്‍ അനൂപും ഉപയോഗിച്ച് തുടങ്ങിയത്. എന്നാല്‍ അതിന് മുമ്പ് ദിലീപ് ഉപയോഗിച്ച ഫോണുകള്‍ കേസില്‍ നിര്‍ണായകമാണ് എന്നാണ് പ്രോസിക്യൂഷന്‍ വാദിക്കുന്നത്. ദിലീപ് ഉപയോഗിച്ചിരുന്ന രണ്ട് ആപ്പിള്‍ ഫോണ്‍, ഒരു വിവോ ഫോണ്‍, ദിലീപിന്റെ സഹോദരന്‍ അനൂപ് ഉപയോഗിച്ചിരുന്ന രണ്ട് ഹുവായ് ഫോണ്‍ എന്നിവ അന്വേഷണം തുടങ്ങിയപ്പോള്‍ മാറ്റിയെന്നും അന്വേഷണസംഘത്തിന് മുന്‍പില്‍ ഹാജരാക്കിയത് പുതിയ ഫോണുകളാണെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ പറയുന്നു.

തന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരുമായി സംസാരിച്ച സംഭാഷണങ്ങള്‍ ആ ഫോണിലുണ്ട്. അത് അന്വേഷണസംഘത്തിന് കിട്ടിയാല്‍, അത് അവര്‍ ദുരുപയോഗം ചെയ്യും. അവരത് പുറത്തുവിട്ടാല്‍ തനിക്ക് അത് ദോഷം ചെയ്യും. തന്റെ കയ്യില്‍ ആ ഫോണില്ലെന്ന് തനിക്ക് വേണമെങ്കില്‍ വാദിക്കാമായിരുന്നു. അത് ചെയ്തിട്ടില്ല. തനിക്ക് ഒളിക്കാന്‍ ഒന്നുമില്ല. കോടതിയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമമാണ് പ്രോസിക്യൂഷന്‍ നടത്തുന്നതെന്നും ദിലീപ് കോടതിയില്‍ ആരോപിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button