തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതിയ്ക്കൊപ്പം നില്‍ക്കുന്നുവെന്ന് ആരോപിച്ച് ചിത്രം പ്രചരിപ്പിക്കുന്ന സംഭവത്തില്‍ പ്രതികരണവുമായി മനോരമ അവതാരകന്‍ അയപ്പദാസ്. ചിത്രത്തില്‍ ഉള്ളത് താന്‍ തന്നെയാണെന്നും മാസ്റ്റർ വിഷൻ ഇൻറർനാഷനലിന്റെ സഫലമീ യാത്ര എന്ന ടെലിവിഷൻ പരിപാടിയുടെ ഒരാഘോഷ വേളയിൽ അതിഥിയായി 2018 ഫെബ്രുവരി 19ന് ദുബായിൽ വച്ച് പങ്കെടുത്തപ്പോള്‍ ഉള്ള ചിത്രങ്ങള്‍ ആണ് അവയെന്നും അയ്യപ്പദാസ് പറഞ്ഞു.
പരിപാടിയുടെ ചിത്രങ്ങളും അയ്യപ്പദാസ് ഫേസ്ബുക്കില്‍ പങ്കുവച്ചു.
ദുബായ് പൊലീസിന്റെ സഹകരണത്തോടെ നടന്ന പരിപാടിയിൽ ചലച്ചിത്ര പ്രവർത്തകരായ സുജിത് വാസുദേവും അനുശ്രീയും ടിനി ടോമുമടക്കം നിരവധി പ്രമുഖർ അതിഥികളായിരുന്നു. പരിപാടിക്കിടയിലും ശേഷവുമായി നിരവധി പേർ പരിചയപ്പെടാൻ വന്നു, നിരവധി പേർ ഫോട്ടോ എടുക്കാമോയെന്ന് ചോദിച്ചു. വേണ്ടെന്ന് പറയാനുള്ള മടി സ്വതവേയുള്ള ഞാൻ നിരവധി ഫോട്ടോകൾക്ക് സമ്മതിക്കുകയും ചെയ്തു. ഇപ്പോള്‍ പ്രചരിപ്പിക്കുന്ന ചിത്രങ്ങള്‍ അത്തരത്തില്‍ ഒന്നാകാം, ആകാതിരിക്കാം. ഇങ്ങനെ ഒരാളെ താന്‍ ഓര്‍ക്കുന്നില്ലെന്നും അയാപ്പദാസ് കുറിച്ചു.
തെറ്റിദ്ധരിപ്പിക്കുകയും അപകീർത്തിപ്പെടുത്തുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നതിനെ നിയമപരമായി നേരിടുമെന്നും അയ്യപ്പദാസ് കുറിച്ചു.
അയ്യപ്പദാസിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപമിങ്ങനെ
<
സ്വർണക്കടത്ത് കേസ് പ്രതിക്കൊപ്പം ഞാൻ നിൽക്കുന്നു എന്നാരോപിച്ച് ഒരു ചിത്രം വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഫോട്ടോ ആ രൂപത്തിലും മാറ്റങ്ങൾ വരുത്തി വാർത്ത എന്ന മട്ടിലും പ്രത്യേക ലക്ഷ്യത്തോടെ പ്രചരിപ്പിക്കുന്നതായും അറിഞ്ഞു.
അതിൽ ഉള്ളത് ഞാൻ തന്നെയാണ്. മാസ്റ്റർ വിഷൻ ഇൻറർനാഷനലിന്റെ സഫലമീ യാത്ര എന്ന ടെലിവിഷൻ പരിപാടിയുടെ ഒരാഘോഷ വേളയിൽ അതിഥിയായി 2018 ഫെബ്രുവരി 19ന് ദുബായിൽ വച്ച് പങ്കെടുത്തു. (ചിത്രങ്ങൾ താഴെ). ദുബായ് പൊലീസിന്റെ സഹകരണത്തോടെ നടന്ന പരിപാടിയിൽ ചലച്ചിത്ര പ്രവർത്തകരായ സുജിത് വാസുദേവും അനുശ്രീയും ടിനി ടോമുമടക്കം നിരവധി പ്രമുഖർ അതിഥികളായി. മാധ്യമ പ്രവർത്തകരായി എന്നെയും സ്മൃതി പരുത്തിക്കാടിനെയും ടി എം ഹർഷനെയും ക്ഷണിച്ചു. ഒരത്യാവശ്യം മൂലം ഹർഷന് വരാനായില്ല.
പരിപാടിക്കിടയിലും ശേഷവുമായി നിരവധി പേർ പരിചയപ്പെടാൻ വന്നു, നിരവധി പേർ ഫോട്ടോ എടുക്കാമോയെന്ന് ചോദിച്ചു. വേണ്ടെന്ന് പറയാനുള്ള മടി സ്വതവേയുള്ള ഞാൻ നിരവധി ഫോട്ടോകൾക്ക് സമ്മതിക്കുകയും ചെയ്തു.
ഇപ്പോൾ പ്രചരിക്കുന്ന ചിത്രം അതിലൊന്നാകാം. ആകാതിരിക്കാം. ഇങ്ങനെയൊരാളെ കണ്ടത് ഓർക്കുന്നില്ല. പക്ഷെ കണ്ടിരിക്കാം, ഫോട്ടോക്ക് സമ്മതിച്ചിരിക്കാം. ഇതിൽ കൂടുതൽ ഒരറിവും എനിക്കില്ല. ഇങ്ങനെ പുറത്ത് വാർത്താ പരിപാടികൾക്കും അല്ലാതെയുമായി പോകുമ്പോൾ പരിചയപ്പെടുന്നവരിൽ മിക്കവാറും പേരെ പിന്നീട് ഓർക്കാറുമില്ല, പേരുപോലും.
എന്നെ അറിയുകയും സ്നേഹിക്കുകയും ക്രിയാത്മകമായി വിമർശിക്കുകയും ചെയ്യുന്നവർക്കു വേണ്ടിയാണ് ഈ പറച്ചിൽ
തെറ്റിദ്ധരിപ്പിക്കുകയും അപകീർത്തിപ്പെടുത്തുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നതിനെ നിയമപരമായി നേരിടും എന്നും അറിയിക്കട്ടെ.