ന്യൂഡൽഹി: റഷ്യ – യുക്രെയ്ന്‍ സംഘര്‍ഷം രൂക്ഷമായതിനു പിന്നാലെ ഇന്ത്യക്കാര്‍ക്കായി പുതിയ മാര്‍ഗരേഖ പുറത്തിറക്കി കീവിലെ ഇന്ത്യന്‍ എംബസി. യുക്രെയ്നിലേക്കും രാജ്യത്തിനകത്തും അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. യുക്രെയ്നിലുള്ള ഇന്ത്യക്കാര്‍ പൂര്‍ണവിവരങ്ങള്‍ അറിയിക്കണം. യുക്രെയ്ൻ സർക്കാരും പ്രാദേശിക അധികൃതരും പറയുന്ന സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും എംബസി നിർദേശിച്ചു.
Advisory for all Indian Nationals in Ukraine@MEAIndia @DDNewslive @DDNational @PIB_India @IndianDiplomacy pic.twitter.com/oKbpxS5IWE
— India in Ukraine (@IndiainUkraine) October 10, 2022
യുക്രെയ്ന്‍ – റഷ്യ യുദ്ധത്തിനിടെ മാസങ്ങള്‍ക്കുശേഷമാണ് ആക്രമണം വീണ്ടും ശക്തമാകുന്നത്. കീവിനു പുറമെ മറ്റു നഗരങ്ങളിലും ആക്രമണമുണ്ടായി. താപവൈദ്യുത നിലയവും വാര്‍ത്താവിനിമയ സംവിധാനങ്ങളും ആക്രമിക്കപ്പെട്ടു. നഗരങ്ങളില്‍ ആള്‍ത്തിരക്കേറിയ സമയത്തായിരുന്നു റഷ്യന്‍ ക്രൂസ് മിസൈലുകള്‍ പതിച്ചത്. തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടത്തിയതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
റഷ്യക്കെതിരേയുള്ള ആക്രമണം ആവര്‍ത്തിച്ചാല്‍ യുക്രൈന്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി പ്രസിഡന്റ് വ്‌ളാഡിമിര്‍ പുതിന്‍. വീഡിയോ സന്ദേശത്തിലൂടെയാണ് റഷ്യന്‍ പ്രസിഡന്റിന്റെ പ്രതികരണം. റഷ്യയെ ക്രൈമിയയുമായി ബന്ധപ്പിക്കുന്ന പാലം തകര്‍ത്ത യുക്രൈന്റെ നടപടി ഭീകരപ്രവര്‍ത്തനമാണെന്ന് പുതിന്‍ ആരോപിച്ചിരുന്നു. സ്‌ഫോടനത്തിന് പിന്നില്‍ യുക്രൈന്റെ പ്രത്യേക സേനയാണെന്നാണ് പുതിന്‍ പറയുന്നത്.
‘പാലത്തിലെ സ്‌ഫോടനത്തിന് സമാനമായ ഭീകരാക്രമണങ്ങള്‍ രാജ്യത്തെ വൈദ്യുത കേന്ദ്രങ്ങള്‍ക്ക് നേരെയും വാതക വിതരണ ശൃംഖലയ്ക്ക് നേരേയും ഉണ്ടായി. ടര്‍ക്കിഷ് പൈപ്പ് ലൈന്‍ തകര്‍ക്കാനുള്ള ശ്രമവും നടന്നു. ഞങ്ങളുടെ രാജ്യത്തിന് നേരെ ഇനി ആക്രമണം തുടര്‍ന്നാല്‍ യുക്രൈന്‍ കടുത്ത തിരിച്ചടി നേരിടേണ്ടി വരും. ഇത്തരം ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കാതെ ഒഴിവാക്കുകയെന്നത് അസാധ്യമാണ്’, പുതിന്‍ പറഞ്ഞു.
തെക്കന്‍ യുക്രൈനിലെ യുദ്ധമുഖത്തേക്കുള്ള റഷ്യയുടെ പ്രധാന വിതരണശൃംഖലയായ പാലം തകര്‍ത്തതിന്റെ മറുപടിയെന്നോണമായിരുന്നു തിങ്കളാഴ്ച രാവിലെ കീവില്‍ നടന്ന സ്‌ഫോടനം. സ്‌ഫോടനത്തില്‍ എട്ട് പേര്‍ മരിക്കുകയും 24-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പലതവണ സ്ഫോടനം നടന്നതായി കീവ് മേയര്‍ ട്വീറ്റ് ചെയ്തിരുന്നു. സ്‌ഫോടനത്തില്‍ കാറുകള്‍ക്ക് തീപിടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കീവിന് പുറമെ മറ്റു ചില പ്രദേശങ്ങളിലും സ്‌ഫോടനം നടന്നുവെന്ന് യുക്രൈനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പാലത്തിലെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം യുക്രൈന്‍ ഏറ്റെടുത്തില്ലെങ്കിലും റഷ്യയെ പരിഹസിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ രംഗത്തെത്തിയിരുന്നു. സ്‌ഫോടനത്തിന് പിന്നാലെ ഇതെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതി രൂപവത്കരിക്കാന്‍ ഉത്തരവിട്ട റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ പാലത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കാനും നിര്‍ദ്ദേശിച്ചിരുന്നു.
തിങ്കളാഴ്ച സെക്യൂരിറ്റി കൗണ്‍സില്‍ സ്ഥിരാംഗങ്ങളുമായി പുതിന്‍ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് കീവില്‍ സ്ഫോടന പരമ്പര അരങ്ങേറിയത്. മൂന്ന് മാസത്തിന് ശേഷം ആദ്യമായിട്ടാണ് യുക്രൈന്‍ തലസ്ഥാനത്ത് റഷ്യന്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂണ്‍ 26-നാണ് കീവില്‍ അവസാനമായി റഷ്യന്‍ ആക്രമണമുണ്ടായത്.