തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ വിവിധ ജില്ലകളിലായി പടർന്നു പിടിയ്ക്കുന്ന പക്ഷിപ്പനി സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. അതിർത്തികളിലുൾപ്പെടെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
പക്ഷിപ്പനിയെ സംസ്ഥാന ദുരന്തത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയതായി ആനിമൽ ഹസ്ബൻഡറി ഡയറക്ടർ ഡോ. കെഎം ദിലീപ് പ്രതികരിച്ചു.പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിലും കോട്ടയം നീണ്ടൂരിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. പക്ഷിമാംസം, മുട്ട തുടങ്ങിയവ കൈമാറുന്നതുൾപ്പെടെയുള്ള നടപടികൾ നിയന്ത്രിക്കും. അതേസമയം മറ്റ് ജില്ലകൾക്ക് ഈ നിയന്ത്രണം ബാധകമല്ല.
പക്ഷിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേരളത്തിൽ നിന്ന് കോഴിയും മുട്ടയും കൊണ്ടുവരുന്നതിന് തമിഴ്നാട് വിലക്കേർപ്പെടുത്തി. തമിഴ്നാട് സർക്കാർ അതിർത്തികളിൽ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.