പത്തനംതിട്ട: ആവേശം സിനിമാ മോഡലിൽ പിറന്നാൾ ആഘോഷിച്ച യുവാക്കളെ പോലീസ് താക്കീത് നൽകി വിട്ടയച്ചു. തടികൊണ്ട് വടിവാൾ മാതൃക ഉണ്ടാക്കി കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച ഇലവുംതിട്ടയിലെ ഒരുകൂട്ടം യുവാക്കളാണ് വെട്ടിലായത്. ഏതാനുംനാൾ മുൻപ് വടിവാൾകൊണ്ട് കേക്ക് മുറിച്ച് പിറന്നാൾ ആഘോഷമാക്കുന്ന റീൽസ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
ഗുണ്ടാസംഘത്തിന്റെ പിറന്നാൾ ആഘോഷമെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലെ റീൽസ് വ്യാഖാനിക്കപ്പെട്ടതോടെ ജില്ലാ സ്പെഷ്യൽ ബ്രാഞ്ചും ഇലവുംതിട്ട പോലീസും റീൽസിന്റെ ഉറവിടത്തെകുറിച്ച് ഒരാഴ്ചമുൻപ് അന്വേഷണം തുടങ്ങി.തുടർന്ന് വീഡിയോ ദൃശ്യത്തിലുൾപ്പെട്ട യുവാക്കളെ ചോദ്യംചെയ്തപ്പോൾ തങ്ങൾ ആവേശം മോഡലിൽ പിറന്നാൾ ആഘോഷിക്കുകയായിരുന്നെന്നും റീൻസിലെ വടിവാൾ തടിയിൽ നിർമിച്ചതാണെന്നും വെളിപ്പെടുത്തി.
യുവാക്കൾ ‘വാൾ’ സ്റ്റേഷനിൽ ഹാജരാക്കുകയുംചെയ്തു. പരിശോധനയിൽ തടിവാൾ ആണെന്ന് പോലീസിന് ബോധ്യമായി. പോലീസിനെ ഒരാഴ്ചയോളം കുഴക്കിയ വാൾ ഇലവുംതിട്ട സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട്. നിലവിൽ യുവാക്കൾക്കെതിരേ കേസ് എടുത്തില്ല. എന്നാൽ ശക്തമായ താക്കീത് നൽകിയാണ് ഇവരെ വിട്ടയച്ചത്.