പ്രശസ്ത നിർമാതാവും വ്യവസായിയുമായ റാമോജി റാവു അന്തരിച്ചു

ഹൈദരാബാദ്: പ്രശസ്ത നിര്‍മാതാവും വ്യവസായിയുമായ റാമോജി റാവു (87) അന്തരിച്ചു. ശ്വാസ തടസ്സത്തെ തുടര്‍ന്ന് ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കേ ഇന്ന് രാവിലെ അഞ്ചു മണിയോടെയായിരുന്നു അന്ത്യം.

റാമോജി ഗ്രൂപ്പിന്റെ തലവനും ലോകത്തിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര സ്റ്റുഡിയോ സമുച്ചയമായ റാമോജി ഫിലിം സിറ്റിയുടെ സ്ഥാപകനും കൂടിയാണ്. 1983ല്‍ സ്ഥാപിതമായ ചലച്ചിത്ര നിര്‍മാണ കമ്പനിയായ ഉഷാകിരന്‍ മൂവീസിന്റെ സ്ഥാപകന്‍ കൂടിയാണ് റാമോജി റാവു. ഹിന്ദി, മലയാളം, തെലുഗു, തമിഴ്, കന്നട, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളിലായി ഏതാണ്ട് 80 സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്.

ദേശീയ ചലച്ചിത്ര പുരസ്‌കാരവും നാലു ഫിലിംഫെയര്‍ അവാര്‍ഡുകളും നേടിയിട്ടുണ്ട്. പത്രപ്രവര്‍ത്തനം, സാഹിത്യം, വിദ്യാഭ്യാസം എന്നിവയില്‍ നല്‍കിയ സംഭാവനകള്‍ക്ക് 2016ല്‍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ഈടിവി, ഈനാട് അടക്കമുള്ള വൻകിട മാധ്യമസ്ഥാപനങ്ങളുടെ ഉടമയാണ്.

ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പെഡപരുപ്പുടിയില്‍ ഒരു കാര്‍ഷിക കുടുംബത്തിലാണ് റാവു ജനിച്ചത്. മാര്‍ഗദര്‍സി ചിറ്റ് ഫണ്ട്, രാമദേവി പബ്ലിക് സ്‌കൂള്‍, പ്രിയ ഫുഡ്‌സ് എന്നിവയുടെയും സ്ഥാപകനാണ് ഇദ്ദേഹം. ആന്ധ്രാപ്രദേശിലെ ഡോള്‍ഫിന്‍ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സിന്റെ ചെയര്‍മാന്‍ കൂടിയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News