ഭോപ്പാല്‍:ആശുപത്രിയിലേക്കുള്ള സാധനങ്ങളുമായെത്തിയ ഓട്ടോറിക്ഷയാണ് അഞ്ചാമത്തെ നിലയിലെത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രോഗികളെ കൊണ്ടുപോവാനുള്ള റാംപിലൂടെയാണ് ഓട്ടോറിക്ഷ മുകളിലെത്തിച്ചതെന്നാണ് ഡ്രൈവർ പറയുന്നത്. എന്നാൽ ഇതു മുഖവിലയ്‌ക്കെടുക്കാൻ ആശുപത്രി ജീവനക്കാർ തയ്യാറായിട്ടില്ല.
ആശുപത്രിയിലേക്കുള്ള സാധനങ്ങളുമായാണ് ഓട്ടോറിക്ഷ താഴത്തെ നിലയിൽ എത്തിയതെന്നും എന്നാൽ ഇത് ഇറക്കാൻ ആശുപത്രി ജീവനക്കാർ തയ്യാറാകാത്തതോടെയാണ് മുകളിലേക്ക് ഓടിച്ചു കയറ്റിയതെന്നും ഡ്രൈവർ പറയുന്നു. സുരക്ഷാ ജീവനക്കാരോട് പല തവണ പറഞ്ഞെങ്കിലും അവർ കേൾക്കാൻ തയ്യാറായില്ലെന്നും ആരും തന്നെ ശ്രദ്ധിക്കാതായതോടെ ദേഷ്യം വന്ന താൻ റാംപ് വഴി ഓട്ടോറിക്ഷ മുകളിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നുവെന്നും ഇയാൾ വ്യക്തമാക്കി.
അതേസമയം റാംപ് വഴി ഓട്ടോറിക്ഷ മുകളിലേക്ക് കയറുകയും താഴേക്ക് ഇറങ്ങുകയും ചെയ്യുന്നത് ആരും അറിഞ്ഞില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. എന്നാൽ ഓട്ടോറിക്ഷ മുകളിലേക്ക് കയറിയപ്പോൾ റാംപിൽ ഉണ്ടായിരുന്ന രോഗികളുടെ കൂട്ടിരിപ്പുകാർ നിലവിളിച്ചുകൊണ്ട് ഓടി മാറിയതായി ഓട്ടോറിക്ഷ ഡ്രൈവർ വെളിപ്പെടുത്തുന്നു. വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്