കണ്ണൂര്‍: പാനൂരില്‍ നടുറോഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസിലെ പ്രതി ഓട്ടോ ഡ്രൈവര്‍ ജിനീഷ് ഡിവൈഎഫ്‌ഐ നേതാവ്. സിപിഎം മുത്താറിപ്പീടിക എച്ച്എസ് ബ്രാഞ്ച് അംഗവും ഡിവൈഎഫ്ഐ മുത്താറിപ്പീടിക യൂണിറ്റ് സെക്രട്ടറിയുമാണ് ജിനീഷ്. സംഭവം പരിശാധിക്കുമെന്ന് സിപിഎം പ്രാദേശിക നേതൃത്വം അറിയിച്ചു.
ഇന്ന് രാവിലെയാണ് സംഭവം. എസ്എസ്എല്‍സി മോഡല്‍ പരീക്ഷയ്ക്ക് ശേഷം വീട്ടിലേക്കു മടങ്ങും വഴിയാണ് ജിനീഷ് വിദ്യാര്‍ഥിയെ മര്‍ദിച്ചത്. നടുറോഡില്‍ വച്ചാണ് സംഭവം നടന്നതെങ്കിലും ആരും പ്രശ്നത്തില്‍ ഇടപെട്ടില്ല.
സഹപാഠിയായ പെണ്‍കുട്ടിക്കൊപ്പം നടന്നുപോയതിനാണ് മര്‍ദനമെന്ന് വിദ്യാര്‍ഥിയുടെ പിതാവ് ആരോപിച്ചു. യാതൊരു പ്രകോപനവുമില്ലാതെയാണ് തന്നെ മര്‍ദിച്ചതെന്ന് വിദ്യാര്‍ഥി പറഞ്ഞു. എന്തിനാണ് തല്ലിയതെന്ന് ചോദിച്ചപ്പോള്‍ ജിനീഷ് മറുപടി പറഞ്ഞില്ലെന്നും സംഭവത്തിന് ശേഷം ആള് മാറിപ്പോയതാണെന്ന് പറഞ്ഞുവെന്നും വിദ്യാര്‍ഥി വ്യക്തമാക്കി.
സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് ഒത്ത് തീര്‍പ്പിന് ശ്രമിക്കുകയാണെന്ന് മര്‍ദനത്തിന് ഇരയായ വിദ്യാര്‍ഥിയുടെ കുടുബം ആരോപിച്ചു. കേസ് വേണോയെന്നും ഒത്തു തീര്‍ത്താല്‍ പോരെയെന്നും പോലീസ് ചോദിച്ചുവെന്നും കുടുബം വ്യക്തമാക്കി.