പാറ്റ്‌ന: ലോക്ക്ഡൗണിനെ തുടര്‍ന്നു വരുമാനം നിലച്ച ഓട്ടോ റിക്ഷാ ഡ്രൈവര്‍ ജീവനൊടുക്കി. ബിഹാറിലെ ഷാഹ്പുരിലാണ് ഇരുപത്തഞ്ചുകാരനായ ഓട്ടോറിക്ഷാ ഡ്രൈവര്‍ ജീവനൊടുക്കിയത്.
വായ്പയെടുത്താണ് ഇയാള്‍ ഓട്ടോ വാങ്ങിയത്. എന്നാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ വരുമാനം നിലച്ചു. വായ്പാ തിരിച്ചടവു മുടങ്ങുകയും ചെയ്തു. അതോടൊപ്പം കുടുംബത്തെ സംരക്ഷിക്കലും പ്രയാസത്തിലായി. ഇതു യുവാവിനെ അസ്വസ്ഥനാക്കിയിരുന്നെന്നാണു റിപ്പോര്‍ട്ട്.
ലോക്ക്ഡൗണിനുശേഷം ഭാര്യയും മൂന്നു കുട്ടികളുമുള്ള ഇയാളുടെ ജീവിതം ബുദ്ധിമുട്ടിലായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു. നിരവധി ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും യുവാവിന്റെ കുടുംബത്തിന് ഇതുവരെ റേഷന്‍ കാര്‍ഡ് ലഭിച്ചിട്ടില്ലെന്നും ഇവര്‍ ആരോപിച്ചു.
യുവാവ് ജീവനൊടുക്കിയതു വാര്‍ത്തയായയതിനെ തുടര്‍ന്നു പാറ്റ്‌ന ജില്ലാ മജിസ്‌ട്രേറ്റ് കുമാര്‍ രവി തിങ്കളാഴ്ച യുവാവിന്റെ വീട് സന്ദര്‍ശിച്ചു. 25 കിലോ ഗോതമ്പും അരിയും യുവാവിന്റെ വീട്ടിലെത്തിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.