കൊച്ചി: സിനിമ, തിയറ്റർ കരിയർ അവസാനിപ്പിക്കുകയാണെന്ന് സംവിധായകൻ അൽഫോൻസ് പുത്രൻ. തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ആണെന്ന് ഞാൻ സ്വയം കണ്ടെത്തി ആർക്കും ബാധ്യതയാകാൻ ഉദ്ദേശിക്കുന്നില്ലെന്ന എന്ന് അൽഫോൻസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
‘ഞാന്‍ എന്റെ സിനിമ, തിയറ്റർ കരിയർ അവസാനിപ്പിക്കുന്നു. എനിക്ക് ഓട്ടിസം ഡിസോർഡർ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടെത്തി. ആർക്കും ബാധ്യതയാകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഹ്രസ്വചിത്രങ്ങളും വിഡിയോയും പാട്ടുകളും പരമാവധി ഒടിടിക്ക് വേണ്ടിയും ചെയ്യും.
എനിക്ക് സിനിമ ഉപേക്ഷിച്ച് പോകണമെന്ന് ആഗ്രഹമില്ല, പക്ഷേ എനിക്കു വേറെ മാർഗമില്ല. എനിക്ക് പാലിക്കാൻ കഴിയാത്ത വാഗ്ദാനം നൽകാൻ സാധിക്കില്ല. ആരോഗ്യം മോശമാകുമ്പോൾ ഇന്റർവൽ പഞ്ചിൽ വരുന്നതുപോലുള്ള ട്വിസ്റ്റുകൾ ജീവിതത്തിൽ സംഭവിക്കും’,അൽഫോൺസ് കുറിച്ചു.
അതേസമയം സംവിധായകന്റെ പ്രഖ്യാപനത്തിന് പിന്നാലെ നിരവധിപ്പേരാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്തത്. ഷോക്കിങ് എന്നാണ് പലരും കുറിച്ചത്. സ്വയമൊരു തീരുമാനമെടുക്കാതെ ഡോക്ടറുടെ സഹായത്തോടെ കൃത്യമായി രോഗ നിർണയം നടത്തൂ എന്നും ആരാധകർ നിർദ്ദേശിക്കുന്നു. അതേസമയം പോസ്റ്റ് ചർച്ചയായതോടെ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് അൽഫോൻസ് നീക്കം ചെയ്തു.