ഇന്‍ഡോര്‍:ഒരു കാലത്ത് ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ പേടി സ്വപ്‌നമായിരുന്നു ഓസ്ട്രലിയെ മക്ഗ്രാത്തും ബ്രറ്റ്‌ലിയുമൊക്കെയുള്ള ലോകോത്തര ബൗളിംഗ് നിര എക്കാലത്തും ഓസീസിനുണ്ടായിരുന്നു.ഓസ്‌ട്രേലിയന്‍ ഏകദിന ടീമിനിത് എന്തുപറ്റി. വരുന്നവരും പോകുന്നവരുമെല്ലാം അവരുടെ പേരുകേട്ട ബൗളര്‍മാര്‍ക്കു മേല്‍ താണ്ഡവം ആടുകയാണ്. ഇന്‍ഡോറില്‍ ഇന്ത്യയുടെ കൈയില്‍ നിന്നും വാങ്ങിച്ചുകൂട്ടിയ 399 റണ്‍സ് ഉള്‍പ്പെടെ കിട്ടുവരെല്ലാം വല്ലാത്ത പ്രഹരമാണ്.
ദക്ഷിണാഫ്രിക്കയില്‍ പോയപ്പോള്‍ മുതലാണ് ഓസീസിന് ഈ തിരിച്ചടി തുടങ്ങിയത്. ആദ്യ രണ്ട് ഏകദിനത്തിലും ദക്ഷിണാഫ്രിക്കയെ അനായാസം വീഴ്ത്തിയതോടെ ഇത്തവണ ലോകകപ്പ് കങ്കാരുക്കള്‍ അനായാസം പൊക്കുമെന്നാണ് എല്ലാവരും കരുതിയത്.കാര്യങ്ങള്‍ പക്ഷേ തിരിഞ്ഞു മറിഞ്ഞത് വളരെ പെട്ടെന്നാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ 338 റണ്‍സ് വഴങ്ങി കൂട്ടിയ ഓസീസ് ആ കളി തോറ്റത് 111 റണ്‍സിനാണ്. അന്നു തൊട്ട് ഇന്‍ഡോറില്‍ ഇന്ത്യയ്‌ക്കെതിരായ ഏകദിനം വരെ അവര്‍ കളിച്ചത് 5 മല്‍സരങ്ങള്‍.
ഈ അഞ്ചു കളികളില്‍ ഒന്നുപോലും അവര്‍ക്ക് ജയിക്കാനായില്ല. അതുമാത്രമല്ല, അവസാനം കളിച്ച അഞ്ചില്‍ നാലിലും എതിരാളികള്‍ കങ്കാരുക്കള്‍ക്കെതിരേ 300 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തു. മൊഹാലി ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരേ ആദ്യം ബാറ്റുചെയ്തത് മൂലം അവിടെ ആ നാണക്കേട് ഉണ്ടായില്ല.
രണ്ടുതവണയാണ് 400 അടുത്ത് സ്‌കോര്‍ എതിരാളികള്‍ ചെയ്തത്. സെപ്റ്റംബര്‍ 15ന് സെഞ്ചുറിയനില്‍ ദക്ഷിണാഫ്രിക്ക അടിച്ചുകൂട്ടിയത് 416 റണ്‍സാണ്. ഇന്‍ഡോറില്‍ ഇന്ത്യ 399 റണ്‍സില്‍ ഒതുങ്ങിയതിനാല്‍ ഒരു റണ്‍സിന് വലിയ നാണക്കേടില്‍ നിന്നും രക്ഷപ്പെട്ടു.അവസാനം കളിച്ച അഞ്ചു കളിയില്‍ നിന്നും 1,749 റണ്‍സാണ് കങ്കാരുക്കള്‍ വഴങ്ങി.
ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യ കാഴ്ചവെച്ചത്. ഓസീസ് ബൗളര്‍മാരെ കണക്കിന് പ്രഹരിച്ച ഇന്ത്യ 400 റണ്‍സ് വിജയലക്ഷ്യവുമുയര്‍ത്തി. ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറുകൂടിയാണ് ഇന്ദോറിലേത്. ശ്രേയസ് അയ്യരും ശുഭ്മാന്‍ ഗില്ലും സെഞ്ചുറി നേടിയപ്പോള്‍ കെഎല്‍ രാഹുലും സൂര്യകുമാര്‍ യാദവും അര്‍ധസെഞ്ചുറികളുമായി തിളങ്ങി.
ബാറ്റര്‍മാരുടെ സിക്‌സര്‍ മഴയാണ് ഇന്ദോറില്‍ കാണാനായത്. മത്സരത്തില്‍ 18 സിക്‌സറുകള്‍ നേടിയ ഇന്ത്യ മറ്റൊരു റെക്കോഡും കുറിച്ചു. ഏകദിനത്തില്‍ 3000 സിക്‌സറുകള്‍ നേടുന്ന ആദ്യ ടീമെന്ന അപൂര്‍വനേട്ടമാണ് ഇന്ത്യ കരസ്ഥമാക്കിയത്. 2953 സിക്‌സറുകളുമായി വിന്‍ഡീസും 2566 സിക്‌സറുകളുമായി പാകിസ്താനുമാണ് പിന്നില്‍.
മത്സരത്തില്‍ സൂര്യകുമാര്‍ യാദവ് ആറ് സിക്‌സറുകളും ശുഭ്മാന്‍ ഗില്‍ നാല് സിക്‌സറുകളും നേടി. ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ എന്നിവര്‍ മൂന്ന് വീതം സിക്‌സറുകള്‍ നേടിയപ്പോള്‍ ഇഷാന്‍ കിഷന്‍ രണ്ടുതവണ പന്ത് അതിര്‍ത്തികടത്തി.